ചെന്നൈ: തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ യാത്രാനിരക്കുകൾ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മേഖലയിലും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഓടുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകൾക്ക് ബാധകമായിരിക്കും പുതിയ നിരക്കുകൾ. മിനിമം ചാർജ് ആദ്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയായി നിശ്ചയിച്ചു. മിനിമം ദൂരത്തിന് ശേഷം സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്കായി 25 രൂപ വീതം നൽകണം.
1988-ലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 67(1) പ്രകാരം തമിഴ്‌നാട് സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി എ. കാർത്തിക് ഒക്ടോബർ 27-നാണ് ഈ നിർണായക ഉത്തരവ് പുറത്തിറക്കിയത്. 13 വർഷത്തിന് ശേഷമാണ് തമിഴ്നാട്ടില്‍ ഓട്ടോ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇന്ധനവില വർദ്ധനവും ജീവിതച്ചെലവും മുൻനിർത്തി ഓട്ടോ ഡ്രൈവർമാരുടെ സംഘടനകൾ വർഷങ്ങളായി ഉന്നയിച്ച ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
സാധാരണ നഗര യാത്രകൾക്ക് പുറമെ, മലയോര മേഖലകൾക്കും രാത്രിയാത്രകൾക്കും കാത്തിരിപ്പ് സമയത്തിനും പ്രത്യേകം നിരക്കുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയുള്ള രാത്രികാല യാത്രകൾക്ക് സാധാരണ മീറ്റർ നിരക്കിന്റെ ഒന്നര മടങ്ങ് തുക ഈടാക്കാൻ ഉത്തരവ് അനുമതി നൽകുന്നു. മലയോര പാതകളിലൂടെയുള്ള യാത്രകൾക്ക് അടിസ്ഥാന മിനിമം ചാർജ് 60 രൂപയായിരിക്കും .
മലയോര റൂട്ടുകളിൽ തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതമാണ് അധികമായി നൽകേണ്ടത്. ഓട്ടോകൾ കാത്തുകിടക്കുന്ന സമയത്തിനുള്ള വെയ്റ്റിംഗ് ചാർജ്ജ് മിനിറ്റിന് ഒരു രൂപയായും സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിക്കും അതത് റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികൾക്കും നിരക്ക് പുതുക്കൽ നടപ്പിലാക്കാനും മീറ്ററുകൾ പുതിയ രീതിയിൽ ക്രമീകരിക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള ഈ സമഗ്രമായ ചാർജ്ജ് വർദ്ധനവ് യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുമെങ്കിലും, നാളുകളായി നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്ന ആയിരക്കണക്കിന് ഓട്ടോ ഡ്രൈവർമാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് ഓട്ടോ ചാര്‍ജ് പരിഷ്കരിക്കും എന്നതായിരുന്നു.