NATIONAL

മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം, കെ.എ. സെങ്കോട്ടയ്യൻ ധനകാര്യം; തമിഴ്നാട് മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

ആധവ് അർജുനയാണ് പൊതുമരാമത്ത്, കായിക ക്ഷേമ മന്ത്രി

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രി വിജയ് തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. പൊതുഭരണം, വനിത-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം അടക്കം അഞ്ച് വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. കെ.എ. സെങ്കോട്ടയ്യൻ ധനകാര്യ വകുപ്പും ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. ആധവ് അർജുനയാണ് പൊതുമരാമത്ത്, കായിക ക്ഷേമ മന്ത്രി.

അരുൺരാജിന് ആരോഗ്യം, പി. വെങ്കട്ടരമണന് ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സിടിആർ വകുപ്പുകളുമാണ് നിയോ​ഗിച്ചിട്ടുള്ളത്. നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്‌മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി.കെ. പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്യും. 29കാരിയായ എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്. വകുപ്പുകൾ സംബന്ധിച്ച് ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

അതേസമയം, കേരളത്തിലെ പുതിയ കോൺ​ഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന വിജയ് 11 മണിയോടെ മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

SCROLL FOR NEXT