തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ Source: ANI
NATIONAL

"ദ്രാവിഡ മോഡല്‍"; ഇരട്ടയക്കം കടന്ന് തമിഴ്‌നാടിന്റെ സാമ്പത്തിക വളർച്ച, രാജ്യത്ത് ഒന്നാം സ്ഥാനം

മുമ്പ് പ്രഖ്യാപിച്ച 9.69 ശതമാനത്തില്‍ നിന്ന് വലിയ കുതിച്ചുചാട്ടമാണ് വളർച്ചാ നിരക്കില്‍ തമിഴ്നാട് കൈവരിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: 2024-25 വർഷത്തിൽ സാമ്പത്തിക വളർച്ചയില്‍ ഇരട്ടയക്കം കടന്ന് തമിഴ്നാട്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയർന്ന വളർച്ചാ നിരക്കാണ് തമിഴ്നാട് നേടിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പരിഷ്കരിച്ച 11.19 ശതമാനം വളർച്ചാ നിരക്ക് സർക്കാർ മുന്നോട്ടുവെച്ച "ദ്രാവിഡ മോഡലിന്റെ" നേട്ടമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

"ഇരട്ടയക്ക സാമ്പത്തിക വളർച്ച കൈവരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി തമിഴ്‌നാടിന്റെ ദ്രാവിഡ മോഡൽ സർക്കാർ തലയുയർത്തി നിൽക്കുന്നു," മുഖ്യമന്ത്രി സ്റ്റാലിൻ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത് 2010-11ൽ കരുണാനിധിയുടെ കീഴിലാണ്. ഡിഎംകെ സർക്കാർ ആ പാതയാണ് പിന്തുടരുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.

മുമ്പ് പ്രഖ്യാപിച്ച 9.69 ശതമാനത്തില്‍ നിന്ന് വലിയ കുതിച്ചുചാട്ടമാണ് വളർച്ചാ നിരക്കില്‍ തമിഴ്നാട് കൈവരിച്ചിരിക്കുന്നത്. 9.69 ശതമാനം തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. ഇതോടെ, കോവിഡ് മഹാമാരിക്ക് ശേഷം ഇരട്ടയക്ക വളർച്ച കൈവരിക്കുന്ന ഏക പ്രധാന സംസ്ഥാനമായി തമിഴ്‌നാട് മാറി. ഇത് ദേശീയ സമ്പദ് വ്യവസ്ഥയില്‍ നേതൃനിരയില്‍ തന്നെ തമിഴ്‌നാടിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നു.

2030ഓടെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള തമിഴ്‌നാടിന്റെ ലക്ഷ്യത്തിന് ഈ വളർച്ച ആത്മവിശ്വാസം നൽകുന്നുവെന്നും സ്റ്റാലിൻ അറിയിച്ചു.

"ഒരിക്കൽ അതിമോഹമായി തോന്നിയത് ഇപ്പോൾ കൈയെത്തും ദൂരത്താണ്," സ്റ്റാലിന്‍ പറഞ്ഞു. "വ്യക്തമായ ആസൂത്രണമുള്ളവർ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ചാൽ തങ്ങളുടെ ലക്ഷ്യം നേടും", തിരുക്കുറള്‍ ഉദ്ധരിച്ചുകൊണ്ട് സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഭരണപക്ഷം മുഖ്യമന്ത്രിയുടെ ഭരണമികവായാണ് ഉയർത്തിക്കാട്ടുന്നത്. സ്റ്റാലിന്റെ ഭരണത്തിനുള്ള അംഗീകാരമാണ് പരിഷ്കരിച്ച വളർച്ചാ നിരക്കെന്ന് ധനമന്ത്രി തങ്കം തെന്നരസ്സ് അഭിപ്രായപ്പെട്ടു. "മറ്റൊരു സംസ്ഥാനവും ഈ നിലവാരത്തിലുള്ള വളർച്ച കൈവരിച്ചിട്ടില്ല. 9.69 ശതമാനത്തിൽ നിന്ന് 11.19 ശതമാനത്തിലേക്ക് എത്തി ഞങ്ങൾ ഞങ്ങളുടെ സ്വന്തം റെക്കോർഡ് തകർത്തു," തെന്നരസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സമഗ്രവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ സമീപനവും എല്ലാ മേഖലകളിലുമുള്ള ഫലപ്രദമായ പ്രവർത്തനവുമാണ് തമിഴ്‌നാട് ഈ നേട്ടം കൈവരിക്കാൻ കാരണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ 'സമാനതകളില്ലാത്തത്' എന്നും ഡിഎംകെ ഭരണ മാതൃകയുടെ തെളിവായും വ്യവസായ മന്ത്രി ടി.ആർ.ബി. രാജയും വിശേഷിപ്പിച്ചു.

2024-25 ലെ പരിഷ്കരിച്ച 11.19 ശതമാനം വളർച്ചാ നിരക്ക് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തമിഴ്‌നാട് ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുറത്തുവരുന്നത്. ഭരണകക്ഷിയായ ഡിഎംകെ ഈ ഡാറ്റയെ അവരുടെ വികസന നയത്തിന്റെ വിജയമായും 'എല്ലാവർക്കും എല്ലാം' എന്ന അവരുടെ തത്ത്വശാസ്ത്രത്തിന്റെ രാഷ്ട്രീയ അംഗീകാരമായുമാണ് കാണുന്നത്. സാമൂഹിക സമത്വം, വ്യാവസായിക വളർച്ച, ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള ദ്രാവിഡ മോഡലിലൂടെ ദേശീയ സമ്പദ് വ്യവസ്ഥയില്‍ നേതൃ സ്ഥാനത്തേക്ക് എത്താന്‍ സാധിച്ചുവെന്നാണ് ഡിഎംകെ സർക്കാർ വാദിക്കുന്നത്.

അതേസമയം, തമിഴ്നാടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകിയത് തങ്ങളുടെ മുന്‍കാല ഭരണമാണെന്നാണ് പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ അവകാശപ്പെടുന്നത്. "പത്തുവർഷത്തെ എഐഎഡിഎംകെ സർക്കാർ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയായ ഡിഎംകെ അതിന്റെ നേട്ടങ്ങൾ കൊയ്യുകയാണ്", എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ പറഞ്ഞു.

SCROLL FOR NEXT