പ്രതീകാത്മക ചിത്രം Source: Screengrab
NATIONAL

"തെരുവുനായ്ക്കളുടെ എണ്ണമെടുക്കാൻ സർക്കാർ അധ്യാപകർ"; വ്യാജ പോസ്റ്റുകൾക്കെതിരെ പരാതി നൽകി ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ്

തെരുവ് നായ്ക്കളുടെ എണ്ണമെടുക്കാൻ സർക്കാർ അധ്യാപകരെ ചുമതലപ്പെടുത്തി എന്ന തരത്തിൽ പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം

Author : അഹല്യ മണി

ന്യൂ ഡൽഹി: തെരുവ് നായ്ക്കളുടെ എണ്ണമെടുക്കാൻ സർക്കാർ സ്കൂൾ അധ്യാപകരെ ചുമതലപ്പെടുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ പൊലീസിൽ പരാതി നൽകി ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ്. പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും, വ്യാജവും, കെട്ടിച്ചമച്ചതുമാണെന്ന് ചൂണ്ടിക്കാട്ടിയ വിദ്യാഭ്യാസ വകുപ്പ് വാർത്തകൾ തള്ളി.

ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വാർത്ത പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തെരുവ് നായകളുടെ എണ്ണം സംബന്ധിച്ച് ഒരു ഉത്തരവോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ വേദിത റെഡ്ഡി വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ ഭാഗമായി വകുപ്പിനെ മോശമായി ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണ് വാർത്തയെന്നും വേദിത റെഡ്ഡി വ്യക്തമാക്കി.

സ്കൂൾ ഗ്രൗണ്ടിലോ സമീപത്തോ ഉള്ള തെരുവ് നായ്ക്കളെ എണ്ണാൻ സർക്കാർ അധ്യാപകരെ ചുമതലപ്പെടുത്തി എന്ന തരത്തിൽ പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഡിസംബർ 30ന് വകുപ്പ് ഔപചാരികമായി വാർത്ത നിഷേധിച്ചിട്ടും, പോസ്റ്റുകൾ പ്രചരിക്കുന്നത് തുടർന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് നിയമനടപടികളിലേക്ക് കടന്നത്.

SCROLL FOR NEXT