മൊബൈൽ ഫോണായാലും, കമ്പ്യൂട്ടറായാലും ഇന്ന് ഇയർ ബഡ്സാണ് സൗകര്യം. പഴയ ഹെഡ്സെറ്റുകളിൽ നിന്ന് ബഡ്സിലേക്ക് വന്നതോടെ കൂടുതൽ സൗകര്യവും അതോടൊപ്പം തന്നെ സ്വകാര്യതയും കൂടിയാണ്. സംസാരിക്കാൻ മാത്രമല്ല. പാട്ടുകേൾക്കാനും, സിനിമ ഉൾപ്പെടെ വീഡിയോകൾ കാണാനും ആസ്വദിക്കാനുമെല്ലാം ഇന്ന് ഇയർബഡ്സുകളാണ് ഏറെപ്പേരും ഉപയോഗിക്കുക.
കാര്യം ശരിയാണ്. സൗകര്യമാണ്. എന്നാൽ ഈ സൗകര്യം ശീലമായിക്കഴിഞ്ഞാൽ പിന്നെ അപകടമാണ് എന്നകാര്യം തിരിച്ചറിയുക. ഇയര്‍ബഡുകള്‍ നേരിട്ട് ഇയര്‍കനാലില്‍ ഇരിക്കുകയും ശബ്ദതരംഗങ്ങള്‍ നേരിട്ട് ഇയര്‍ഡ്രത്തിലേക്ക് അയക്കുകയും ചെയ്യുന്നു. ശബ്ദം ഏറെനേരം ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ ചെവിക്കുള്ളിലെ അതിലോലമായ രോമകോശങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങുന്നു. ഈ കോശങ്ങൾ പിന്നീട് പഴയപടിയാകില്ല.
വലിയ ശബ്ദത്തിൽ പാട്ടുകൾ കേൾക്കുന്നത് മാത്രമല്ല മിതമായ ശബ്ദത്തില്‍ പോലും ദീര്‍ഘനേരം ഇവ ഉപയോഗിക്കുന്നത് കേൾവിയെ തകരാറിലാക്കും. ഈ ശീലം പതിയെപതിയെ തലച്ചോറിനെ കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദം ലഭിക്കാന്‍ പ്രേരിപ്പിക്കുകയും വോളിയം ലെവലുകള്‍ കൂട്ടാന്‍ തോന്നിപ്പിക്കുകയും ചെയ്യും. ഇതുമൂലം ചെവികൾക്ക് ഒരിക്കല്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ കേള്‍വിക്കുറവ് പരിഹരിക്കാൻ സാധ്യതകുറവാണ്. ചെവിയിലുണ്ടാകുന്ന മൂളലാണ്(ടിന്നിടസ്) ഇത്തരത്തില്‍ കേള്‍വിക്കുറവിന്റെ ആദ്യ ലക്ഷണം.
കേൾവിക്കുറവ് മാത്രമല്ല, മാനസികാരോഗ്യത്തേയും ഈ ശീലം തകരാറിലാക്കും. തലച്ചോറിനെ സമ്മർദത്തിലാക്കും. ഇത് മാനസിക വിശ്രമത്തിനുള്ള അവസരങ്ങള്‍ കുറയ്ക്കുകയും ദേഷ്യം, മാനസിക ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, സമ്മര്‍ദ്ദം എന്നിവയ്ക്കും കാരണമാകും. അതിനെല്ലാം പുറമേ ഇയര്‍ബഡുകള്‍ ഏറെ സമയം ഉപയോഗിക്കുന്നത്. ചെവിയിൽ ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷനും കാരണമാകും.