പാറ്റ്ന: 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അന്ത്യത്തിലേക്കടുക്കുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് എൻഡിഎ നടത്തിയിരിക്കുന്നത്. തേജസ്വിയുടെ ആർജെഡി തുടക്കത്തിൽ മുന്നേറ്റം നടത്തിയിരുന്നുവെങ്കിലും പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു.
ഇത്തവണ ബിഹാർ ഉറ്റുനോക്കിയിരുന്ന രണ്ട് സ്ഥാനാർഥികളായിരുന്നു തേജസ്വി യാദവും, തേജ് പ്രതാപ് യാദവും. ഒരേ കുടുംബത്തിൽ നിന്നാണെങ്കിലും വ്യത്യസ്ത പാർട്ടികൾക്ക് വേണ്ടിയാണ് ഇരുവരും ഇത്തവണ മത്സര രംഗത്തിറങ്ങിയത്. രഘോപൂരിൽ തുടർച്ചയായ മൂന്നാം വട്ടവും വിജയം ലക്ഷ്യമിട്ടാണ് തേജസ്വി ഇറങ്ങിയതെങ്കിൽ തൻ്റെ ആദ്യ മണ്ഡലമായ മഹുവയിൽ ആർജെഡി സ്ഥാനാർഥിക്കെതിരായി മത്സരിക്കാനായിരുന്നു തേജ് പ്രതാപിൻ്റെ തീരുമാനം. തുടക്കത്തിൽ തേജസ്വി വിജയത്തിലേക്കെന്ന സൂചന നൽകിയിരുന്നുവെങ്കിലും തേജ് പ്രതാപ് യാദവ് ആദ്യം തൊട്ടുതന്നെ പിന്നിലായിരുന്നു. ഇരുവരും പരാജയപ്പെടുമെന്ന സൂചനയാണ് നിലവിൽ.
പ്രണയബന്ധത്തിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ആണ് തേജ് പ്രതാപ് യാദവ്, ജനശക്തി ജനതാദൾ (ജെജെഡി)എന്ന പാർട്ടി രൂപീകരിച്ച് മത്സര രംഗത്തിറങ്ങിയത്. 12 വർഷത്തെ തൻ്റെ പ്രണയം സോഷ്യൽ മീഡിയയിൽ പരസ്യമാക്കിയ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് ലാലു പ്രസാദ് യാദവ് തേജ് പ്രതാപിനെ പുറത്താക്കിയത്. തേജ് പ്രതാപിൻ്റെ വിവാഹ മോചന ഹർജി കോടതിയിൽ പരിഗണനയിലിരിക്കെയാണ് പോസ്റ്റ് പുറത്തുവന്നത് എന്നതും പ്രതിഷേധത്തിന് കാരണമായി. എന്നാൽ, പിതാവിൻ്റെ പാർട്ടി അദ്ദേഹത്തിനെതിരെ ഒരു സ്ഥാനാർഥിയെ നിർത്തിയപ്പോഴും തേജ് പ്രതാപ് സിംഗ് സ്ഥാനാത്ഥിത്വം പിൻവലിക്കാൻ തയ്യാറായില്ല.
2015ൽ തൻ്റെ ആദ്യ തെരഞ്ഞെടുപ്പിൽ മഹുവ സീറ്റിൽ നിന്നാണ് തേജ് പ്രതാപ് ആദ്യമായി വിജയിക്കുന്നത്. എന്നാൽ, അഞ്ച് വർഷത്തിന് ശേഷം, മഹുവ സീറ്റ് അദ്ദേഹത്തിന് സുരക്ഷിതമല്ല എന്ന് കണക്കാക്കി അദ്ദേഹത്തെ സമസ്തിപൂർ ജില്ലയിലെ ഹസൻപൂരിലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും മഹുവയിൽ നിന്ന് ഭാഗ്യം പരീക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു തേജ് പ്രതാപ്.
അദ്ദേഹത്തിൻ്റെ ആർജെഡി എതിരാളിയായ മുകേഷ് റൗഷാൻ, ഇളയ സഹോദരൻ തേജസ്വി യാദവിൻ്റെ വിശ്വസ്തനാണ്. ബിഹാറിലെ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായിരുന്നു അദ്ദേഹം. ജെഡിയു സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് 2020 ൽ മഹുവ സീറ്റിൽ നിന്ന് മുകേഷ് റൗഷാൻ തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ബിഹാറിൽ എക്സിറ്റ് പോൾ പ്രവചനവും മറികടന്ന് കുതിക്കുകയാണ് എൻഡിഎ. നിലവിൽ 197 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാഗഢ്ബന്ധൻ 40 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ വെറും നാല് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറാനായത്.