അറസ്റ്റിലായ സങ്കിറെഡ്ഡി ഭീം റെഡ്ഡി 
NATIONAL

300 കോടി രൂപയുടെ ആസ്തി! അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തെലങ്കാന ഡിഎസ്‍പി അറസ്റ്റില്‍

തെലങ്കാനയിലും കര്‍ണാടകയിലും 15 ഇടങ്ങളിലായി ഒരേ സമയമായിരുന്നു അഴിമതി വിരുദ്ധ ബ്യൂറോയുടെ റെയ്‌ഡ്.

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തെലങ്കാനയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ പൊലീസ് കംപ്യൂട്ടര്‍ സര്‍വീസില്‍ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടായ (ഡിഎസ്‍പി) സങ്കിറെഡ്ഡി ഭീം റെഡ്ഡിയെയാണ് ഇബ്രാംഹിബാഗിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഭീം റെഡ്ഡി അനധികൃതമായി 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണങ്ങള്‍ക്കും റെയ്ഡിനും ശേഷമായിരുന്നു അറസ്റ്റ്.

15 ഇടങ്ങളിലായി ഒരേ സമയമായിരുന്നു അഴിമതി വിരുദ്ധ ബ്യൂറോയുടെ റെയ്‌ഡ്. ഭീം റെഡ്ഡിയുടെ വസതിയിലും തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ബിനാമി ഇടപാടുകാര്‍ എന്നിവരുടെ വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധനം. അഴിമതിയിലൂടെയും അധികാരം ദുര്‍വിനിയോഗം ചെയ്തും ഭീം റെഡ്ഡി പണം സമ്പാദിച്ചതായാണ് കണ്ടെത്തല്‍.

300 കോടി രൂപയുടെ അനധികൃത സ്വത്താണ് കണ്ടെടുത്തത്. ഹൈദരാബാദില്‍ ഒരു വില്ല, നാലു ഫ്ളാറ്റുകള്‍, 5.5 ഏക്കര്‍ കൃഷിഭൂമി, കര്‍ണാടകയില്‍ 45 ഏക്കര്‍ കൃഷിഭൂമി, മൈനിങ് കമ്പനിയില്‍ 75 ലക്ഷം രൂപയുടെ നിക്ഷേപം തുടങ്ങി കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളാണ് ഭീം റെഡ്ഡിയുടെ പേരിലുള്ളത്. ഭീം റെഡ്ഡിയുടെ വസതിയില്‍ നിന്ന് 3.60 ലക്ഷം രൂപയും ബിനാമിയുടെ വീട്ടില്‍ നിന്ന് 40 ലക്ഷം രൂപയും പിടിച്ചെടുത്തു. കൂടാതെ രണ്ടു കിലോഗ്രാം സ്വര്‍ണാഭരണങ്ങളും, 20 കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു. ബാങ്ക് അക്കൗണ്ടില്‍ 19 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളതായും അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി.

റെയ്ഡിനിടെ കണ്ടെത്തിയ സ്വകാര്യ ഡയറിയാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായത്. എവിടെയൊക്കെ സ്വത്തുക്കളുണ്ട്, ബിനാമികള്‍ ആരൊക്കെ, എവിടെയൊക്കെ നിക്ഷേപങ്ങളുണ്ട് എന്നിങ്ങനെ വിവരങ്ങള്‍ ഡയറിയില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.

SCROLL FOR NEXT