ധർമസ്ഥല ദുരൂഹ മരണങ്ങളില്‍ ശുചീകരണ തൊഴിലാളിയുടെ മൊഴി രേഖപ്പെടുത്തി Source: X
NATIONAL

"കാടിനുള്ളില്‍ കുഴിയെടുക്കും, പിന്നെ മൃതദേഹങ്ങള്‍ എത്തിക്കും"; ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ ക്ഷേത്ര ജീവനക്കാരന്റെ നിർണായക മൊഴി

ഡിഐജി അനുച്ഛേതിൻ്റെ നിർദേശ പ്രകാരം ഡിസിപി ജിതേന്ദ്ര കുമാറാണ് മൊഴിയെടുപ്പ് നടത്തിയത്

Author : ന്യൂസ് ഡെസ്ക്

കർണാടക: ധർമസ്ഥലയിൽ മൃതദേഹം കൂട്ടമായി കുഴിച്ചുമൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ പുരുഷന്മാരെയും കുഴിച്ചിട്ടെന്ന് മുൻ ക്ഷേത്ര ശുചീകരണ ജീവനക്കാരൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന് സമീപത്തെ കാട്ടിൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

1994 മുതൽ 2014 വരെയുള്ള കാലയളവിലാണ് നൂറിലേറെ മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടതെന്നാണ് ക്ഷേത്രം ജീവനക്കാരൻ്റെ മൊഴി. പലപ്പോഴും ഭീഷണിപ്പെടുത്തിയാണ് സംസ്കാരം നടത്തിച്ചത്. കാടിനുള്ളിൽ കുഴിയെടുക്കാൻ മാനേജർ വിളിച്ചു പറയും പിന്നീട് മൃതദേഹം ഇങ്ങോട്ടേക്ക് എത്തിക്കുകയാണ് പതിവ്. വിദ്യാർഥികൾ ഉൾപ്പെടെ പലരുടേയും വസ്ത്രമില്ലാത്ത മൃതദേഹങ്ങൾ കുഴിച്ച് മൂടിയിട്ടുണ്ട്. ലോഡ്ജിൽ നിന്ന് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളും കാട്ടിൽ കുഴിച്ച് മുടിയിട്ടുണ്ട്. സ്ത്രീകൾക്കൊപ്പം പുരുഷൻമാരും ലോഡ്ജിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മൊഴിൽ പറയുന്നു.

ഡിഐജി അനുച്ഛേതിൻ്റെ നിർദേശ പ്രകാരം ഡിസിപി ജിതേന്ദ്ര കുമാറാണ് മൊഴിയെടുപ്പ് നടത്തിയത്. ജീവനക്കാരൻ മൊഴി മാറ്റാൻ സാധ്യതയുള്ളതിനാൽ മൊഴി വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. വെളിപ്പെടുത്തലിൽ സത്യമുണ്ടോ എന്നറിയാൻ ജീവനക്കാരൻ പറഞ്ഞ പ്രധാന സ്ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധിക്കും. ആവശ്യമെങ്കിൽ ജീവനക്കാരനേയും സ്ഥലത്തെത്തിക്കും. അതിന് മുൻപ് അന്വേഷണ ചുമതലയുള്ള ഡിജിപി പ്രണബ് മൊഹന്തിയുമായി സംഘം കൂടിയാലോചന നടത്തും.

കുഴിയെടുത്തുള്ള പരിശോധനയ്‌ക്കൊപ്പം മിസ്സിങ്ങ് പരാതികളിൽ ഡിഎന്‍എ സാമ്പിളുകൾ എടുക്കുന്ന നടപടിയും പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒപ്പം കൂടുതൽ പരാതികളുണ്ടോ എന്നും പരിശോധിക്കും. കോടതി ഇടപെട്ട വിഷയമായതിനാൽ എല്ലാ വിഷയവും പരിശോധിച്ച ശേഷമാകും തുടർ നടപടി.

SCROLL FOR NEXT