NATIONAL

വിദ്യാർഥിനിയെ കട്ടിങ് മെഷീന്‍ കൊണ്ട് ആക്രമിച്ച പ്രതിക്ക് വെടിയേറ്റു; പ്രാണരക്ഷാർത്ഥം വെടിയുതിർത്തതെന്ന് പൊലീസ്

ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

ആന്ധ്രാപ്രദേശ്: പത്താം ക്ലാസുകാരിയെ മരം മുറിക്കുന്ന യന്ത്രം കൊണ്ട് ആക്രമിച്ച പ്രതിക്ക് വെടിയേറ്റു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെയാണ് സംഭവമുണ്ട്. ആക്രമണം നടത്തിയ സ്കൂളിൽ എത്തിച്ച് രംഗം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിനിടെ പ്രതി ഹേമന്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പ്രാണരക്ഷാർത്ഥം വെടിയുതിർത്തതാണെന്നും പൊലീസ് വിശദീകരിച്ചു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ റാപ്താടു മണ്ഡലത്തിലുള്ള ജില്ലാ പരിഷത്ത് ഹൈസ്‌കൂളില്‍ വെച്ചാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പ്രണയം നിരസിച്ചതിലുള്ള പക മൂലമാണ് ഹേമന്ത് പെൺകുട്ടിയെ അക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. 21കാരനായ പ്രതി സ്‌കൂളില്‍ പ്രവേശിച്ച് പത്താംക്ലാസ്സ് വിദ്യാര്‍ഥിനിയെ മരം മുറിക്കുന്ന യന്ത്രം കൊണ്ട് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

15 കാരിയായ പെണ്‍കുട്ടിയുടെ കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റതായും വലതുകൈ ഏതാണ്ട് അറ്റുപോയ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ പെണ്‍കുട്ടിക്ക് പരിക്കേറ്റത്. സംഭവത്തെത്തുടര്‍ന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌കൂളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നതിനാല്‍, തൊഴിലാളിയാണെന്ന് കരുതി അധ്യാപകരും സുരക്ഷാ ജീവനക്കാരും ഇയാളെ അകത്തേക്ക് കടത്തിവിടുകയായിരുന്നുവെന്നും പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT