

ഡൽഹി: രാംലീല മൈതാനത്ത് ഇന്നലെ നടന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയിലെ ജനക്കൂട്ടത്തിന്റെ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. റാലിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തതായി കാണിക്കുന്ന ചിത്രം കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ജനക്കൂട്ടത്തെ കാണിക്കാൻ നിർമിച്ച എഐ ഇമേജ് പോലും കൃത്യമായി തയ്യാറാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് റിജിജു പരിഹസിച്ചു. രാംലീല മൈതാനത്തിന്റെ വലിയൊരു ഭാഗം ഒഴിഞ്ഞുകിടന്നുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
കിരൺ റിജിജു പങ്കുവെച്ച് എക്സ് പോസ്റ്റിന് താഴെ ധാരാളം വിമർശ രൂപത്തിലുള്ള കമന്റുകളും ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്. ബിജെപി കള്ളം പറയുകയാണെന്നും, വോട്ട് കള്ളൻമാർ പ്രതിപക്ഷത്തെ ഭയക്കുകയാണെന്നും തരത്തിലുള്ള ധാരാളം പ്രതികരണങ്ങൾ ആ പോസ്റ്റിന് താഴെ നിറയുന്നുണ്ട്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവും ഉയർത്തിക്കാട്ടിയായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മഹാറാലി. റാലിയിൽ സംസാരിച്ച രാഹുൽ ഗാന്ധി 2024ലെ തെരഞ്ഞെടുപ്പ് വോട്ടുകൊള്ളയിലൂടെ അട്ടിമറിക്കപ്പെട്ടതാണെന്ന് പറഞ്ഞു. ഗ്യാനേഷ് ചെയ്തത് രാജ്യദ്രോഹമാണെന്നും. അതുകൊണ്ടു തന്നെ അദ്ദേഹം ജയിലില്‍ പോകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.