മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളുടെ യഥാർത്ഥ ലക്ഷ്യം അദ്ദേഹമായിരുന്നില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. പ്രമുഖ ബോളിവുഡ് താരത്തെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ മുംബൈയിലെത്തിയത്.
എന്നാൽ ആ വ്യക്തിയുടെ കടുത്ത സുരക്ഷാ സംവിധാനങ്ങൾ കാരണം പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല. തുടർന്നാണ് അവർ ടൈഗർ ഷ്റോഫിലേക്ക് മാറ്റിയത്. പ്രമുഖ താരത്തിന് കനത്ത സുരക്ഷയുണ്ടായിരുന്നതിനാൽ അക്രമികൾക്ക് അദ്ദേഹത്തിൻ്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. തുടർന്ന് ആരാധകർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീലുകളിലൂടെ ടൈഗർ ഷ്റോഫിന് സാധാരണയായി പൊലീസ് സുരക്ഷ ഉണ്ടാകാറില്ലെന്ന് പ്രതികൾ മനസ്സിലാക്കി. അക്രമികൾ ഷ്റോഫിലേക്ക് തിരിയുകയായിരുന്നു.
ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ഭീതി പടർത്തുക എന്നതായിരുന്നു അക്രമികളുടെ പ്രധാന ഉദ്ദേശ്യമെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഒക്ടോബർ 18-ന് മുംബൈ ജുഹുവിലെ ഒരു ഫുട്ബോൾ ക്ലബിൽ നിന്ന് കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിൻ്റെ കാറിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. കാറിന് നേരെ ഏഴ് തവണ വെടിയുതിർത്തു. സംഭവത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഹൃതിക് കുമാർ (റോഷൻ), രഹാൻ, ഫൂൽ സിംഗ് എന്നി മൂന്ന് പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പൊലീസ് ട്രെയിനിൽ വെച്ച് അറസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റ് എന്നയാളാണ് തങ്ങൾക്ക് ഇതിനായി പണം വാഗ്ദാനം ചെയ്തതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. സൽമാൻ ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ടൈഗർ ഷ്രോഫിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അവകാശപ്പെടുന്ന ഒരു ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു.