ചെന്നൈ: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഡിഎംകെ യൂത്ത് വിങ് നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഒരു രാത്രികൊണ്ട് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെ സഖ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും പ്രവര്‍ത്തകരോട് ഉദയനിധി ആവശ്യപ്പെട്ടു. ചെന്നൈയില്‍ ശനിയാഴ്ച നടന്ന ഡിഎംകെ യൂത്ത് വിങ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്‍ഷത്തിലധികം കോണ്‍ഗ്രസ് ഡിഎംകെയുടെ ചുമലില്‍ കയറി നടന്നു. എന്നിട്ട് പിന്നില്‍ നിന്ന് കുത്തി. ആരും ഒരിക്കലും ഇത് മറക്കരുത്. ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കുകയോ, അടുപ്പിക്കുകയോ ചെയ്യരുത്. - ഉദയനിധി പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. ബിജെപിയുടെ തുടര്‍ച്ചയായുള്ള വിജയത്തിനു കാരണം അമിത് ഷായും നരേന്ദ്ര മോദിയുമാണെന്നാണ് താന്‍ മുമ്പ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യം. ബിജെപി വീണ്ടും ജയിക്കാനുള്ള പ്രധാന കാരണം കോണ്‍ഗ്രസാണ്. ഇപ്പോള്‍ അത് കൂടുതല്‍ വ്യക്തമായി.
നിയമസഭയില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനു വേണ്ടി ഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ രക്തവും വിയര്‍പ്പും ഒഴുക്കി. നിര്‍ജീവമായ അവസ്ഥയിലായിരുന്നിട്ടു പോലും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചത് ഡിഎംകെ നേതാക്കളുടെ നിര്‍ദേശങ്ങളും അണികളുടെ അക്ഷീണ പ്രയത്‌നവും കൊണ്ടാണ്. എന്നിട്ട്, ജയിച്ചപ്പോള്‍ മര്യാദയുടെ പേരില്‍ പോലും ഒന്ന് അറിയിക്കാതെ, അവര്‍ അധികാരത്തിന്റെ പിന്നാലെ പോയി. കോണ്‍ഗ്രസിന് അടിസ്ഥാനപരമായ നന്ദിയോ രാഷ്ട്രീയ മര്യാദയോ ഇല്ല. ഡിഎംകെ ചെയ്തില്ലെങ്കിലും കോണ്‍ഗ്രസിനെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഉദനയനിധി പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം, തെറ്റുതിരുത്തി മുന്നോട്ടു പോകണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ തന്ത്രങ്ങളിലെ പോരായ്മയും വീടുവീടാന്തരമുള്ള പ്രചരണങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയാത്തതും വീഴ്ചയായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറത്ത് പ്രചരണങ്ങള്‍ നടത്തിയെങ്കിലും, സ്വന്തം വീടുകളില്‍ പ്രചരണം നടത്തുന്നതില്‍ പാളിച്ചയുണ്ടായോ എന്ന് സംശയിക്കുന്നു. അപരിചതരിലേക്ക് രാഷ്ട്രീയം എത്തിക്കുന്നതിനു മുമ്പ്, സ്വന്തം വീട്ടുകാരോടും കുട്ടികളോടും അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കണം. ഭരണപക്ഷത്തിന്റെ 'ഓണ്‍ലൈന്‍ മാഫിയ'യെയും 'വ്യാജ പ്രചാരണങ്ങളെയും' കൃത്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക നിര്‍മ്മാണത്തിലൂടെ സജീവമായി ചെറുക്കേണ്ടതിന്റെ ആവശ്യകതയും ഉദനയിധി ചൂണ്ടിക്കാട്ടി.