ഇന്ത്യൻ ചരിത്രത്തിലാദ്യമായി സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനുള്ള പദ്ധതി 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി' (NALSA) ആരംഭിക്കും.
ദൂരെയുള്ള സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് കുടുംബ/ സിവിൽ നിയമ പ്രശ്നങ്ങളുടെ ഭാരം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യം ഇടുന്നത്. "നിങ്ങൾ അതിർത്തികളിൽ രാജ്യത്തെ സേവിക്കു. ഞങ്ങൾ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കാം" എന്ന സന്ദേശത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
ഇന്ന് ശ്രീനഗറിൽ നടന്ന കോണ്‍ഫറന്‍സിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്സിക്യൂട്ടീവ് ചെയർമാനും ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസുമായ സൂര്യകാന്താണ് ഈ സ്കീം ലോഞ്ച് ചെയ്തത്.
കുടുംബ സ്വത്ത്, ഗാർഹിക തർക്കം, ഭൂമി സംബന്ധിച്ച കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ കേസുകൾ പിന്തുടരാൻ വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സൈനികർക്ക് പലപ്പോഴും സാധിക്കാറില്ല. അത് ഈ പദ്ധതി വഴി പരിഹരിക്കപ്പെടും. രാജ്യത്തുടനീളമുള്ള കോടതികളിൽ ഇത്തരം കേസുകൾ ശരിയായി പ്രതിനിധീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ NALSA ഇടപെടും.