The Supreme Court of India  Source: ഫയൽ ചിത്രം
NATIONAL

ബന്ധം വഷളായ സാഹചര്യത്തിൽ പരാതി; പ്രതിയും പരാതിക്കാരിയും വിവാഹിതരായി, ബലാത്സംഗ കുറ്റം റദ്ദാക്കി സുപ്രീം കോടതി

വിവാഹം മാറ്റിവച്ചത് സ്ത്രീയുടെ മനസ്സിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബലാത്സംഗ കുറ്റം റദ്ദാക്കി സുപ്രീം കോടതി നടപടി. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് കേസ് ഉടലെടുത്തതെന്നും, അത് പിന്നീട് വഷളാകുകയും ക്രിമിനൽ സ്വഭാവം കാണിച്ച് പരാതി നൽകിയതായും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് പുരുഷനെ ബലാത്സംഗത്തിന് ശിക്ഷിച്ചത് കോടതി റദ്ദാക്കിയത്. കാര്യങ്ങൾ തിരിച്ചറിയാൻ "ആറാം ഇന്ദ്രിയം" ഉണ്ടെന്ന് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു.

2015 ൽ സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അവരുടെ ബന്ധം വിവാഹത്തിൽ കലാശിക്കാതെ വന്നപ്പോൾ, 2021 ൽ സ്ത്രീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376, 376(2)(n) എന്നിവ പ്രകാരം പരാതി നൽകി. തുടർന്ന് വിചാരണ കോടതി പുരുഷനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഹൈക്കോടതി ജാമ്യം നിരസിച്ചതിനെത്തുടർന്ന്, അയാൾ സുപ്രീം കോടതിയെ സമീപിച്ചു.

ജസ്റ്റിസുമാരായ വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച്, കുറ്റാരോപിതനേയും പരാതിക്കാരിയേയും, അവരുടെ മാതാപിതാക്കൾ എന്നിവരുമായി ചേംബറിൽ ആശയവിനിമയം നടത്തി, അവരുടെ ബന്ധത്തിന്റെ സ്വഭാവം മനസ്സിലാക്കി. കുടുംബങ്ങളുടെ സമ്മതത്തോടെ ഇരു കക്ഷികളും വിവാഹത്തിന് സന്നദ്ധത പ്രകടിപ്പിച്ചതിനെത്തുടർന്ന് കോടതി പുരുഷന് വിവാഹ ആവശ്യത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈയിൽ ദമ്പതികൾ വിവാഹിതരായി.

പിന്നീട് കേസ് പരിഗണിച്ചപ്പോൾ ദമ്പതികൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. അതോടെ ഈ മാസം പുറപ്പെടുവിച്ച അന്തിമ വിധിയിൽ, സുപ്രീം കോടതി പരാതി, കുറ്റപത്രം, ശിക്ഷ എന്നിവ റദ്ദാക്കി. വിവാഹം മാറ്റിവച്ചത് സ്ത്രീയുടെ മനസിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും ഇത് ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി."ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് കേസ് പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.

ഒരു തെറ്റിദ്ധാരണ കാരണം ഉഭയസമ്മതത്തോടെയുള്ള ബന്ധം കുറ്റകൃത്യമായി മാറിയെന്ന് മനസിലാക്കുന്നതായും കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രതിയാക്കപ്പെട്ട പുരുഷന് സർക്കാർ ആശുപത്രിയിൽ ജോലി പുനഃസ്ഥാപിക്കാനും സസ്‌പെൻഷൻ കാലയളവിലെ ശമ്പളം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസറോട് സസ്‌പെൻഷൻ ഉത്തരവ് പിൻവലിക്കാനും കുടിശികയുള്ള ശമ്പളം നൽകാനും നിർദ്ദേശിച്ചു.

SCROLL FOR NEXT