"A political front of the youth, by the youth, for the youth" തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പ്രസ്താവനയാണ് എല്ലാത്തിനും തുടക്കം. പിന്നെ സോഷ്യൽ മീഡിയ തൂക്കിയത് സിജെപി അഥവ ‘കോക്രോച്ച് ജനതാ പാർട്ടി’യാണ്. ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനോടുള്ള പ്രതിഷേധമായി ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് സിജെപിയുടെ തുടക്കമെങ്കിലും ഇന്ന് കോൺഗ്രസിനെയും ബിജെപിയെയും പിന്നിലാക്കി സോഷ്യൽ മീഡിയകളിൽ തരംഗമാവുകയാണ് സിജെപി. നിലവിൽ 14 മില്യണിലധികം ആളുകളാണ് ഇൻസ്റ്റയിൽ കോക്രോച്ചിനെ ഫോളോ ചെയ്യുന്നത്. കോൺഗ്രസിന് 13 മില്യണും ബിജെപിക്ക് 8 മില്യണും ഫോളോവേഴ്സാണ് ഇൻസ്റ്റയിലുള്ളത്.
കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമർശം. ഇതിനെതിരെ വിമർശനങ്ങൾ കടുത്തപ്പോൾ തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും വിശദീകരിച്ചെങ്കിലും പ്രധിഷേധമായി അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി എക്സിൽ അക്കൗണ്ട് ആരംഭിച്ചു. ഇൻസ്റ്റാ, എഫ്ബി തുടങ്ങിയ സോഷ്യൽ മീഡിയകളിലും അക്കൗണ്ടുള്ള സിജെപി ‘Voice of the Lazy & Unemployed‘ എന്നാണ് ടാഗ്ലൈനോടെ മെയ് 16ന് വെബ്സൈറ്റും ആരംഭിച്ചു. അതേസമയം, സിജെപിയുടെ ആദ്യ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചെങ്കിലും ഒട്ടും വൈകാതെ മറ്റൊരു പുതിയ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. തങ്ങളെ നിശബ്ദരാക്കാനാകില്ലെന്നാണ് സിജെപിയുടെ പക്ഷം.
പേജിനും വെബ്സൈറ്റിനും പുറമേ എഐ ഉപയോഗിച്ച് ഒരു ഗാനമടക്കം കോക്രോച്ച് പാർട്ടി പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയിൽ ചേരാനുള്ള യോഗ്യതകളാണ് ഏറ്റവും ഇൻട്രസ്റ്റിങ്. തൊഴിൽ രഹിതരായിരിക്കണം, മടിയന്മാർ ആയിരിക്കണം, ഒരു ദിവസം കുറഞ്ഞത് 11 മണിക്കൂറെങ്കിലും ഓൺലൈനിൽ ചെലവിടുന്ന ശക്തമായി വിമർശിക്കാൻ കഴിയുന്നവർക്കാണ് പാർട്ടിയിൽ ചേരാൻ യോഗ്യത ഉണ്ടാവുക. സിജെപി അധികാരത്തിൽ വന്നാൽ ചെയ്യുന്ന അഞ്ച് കാര്യങ്ങൾ ഉൾപ്പെടുത്തി മാനിഫെസ്റ്റോ കൂടി അവർ തങ്ങളുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
വിരമിക്കലിനു ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് നൽകില്ല, ഏതെങ്കിലും സംസ്ഥാനത്ത് സാധുവായ വോട്ട് ഇല്ലാതാക്കപ്പെട്ടാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യും, പാർലമെന്റിന്റെ അംഗബലം വർധിപ്പിക്കാതെ തന്നെ സ്ത്രീകൾക്ക് 50% സംവരണം എല്ലാ കാബിനറ്റ് സ്ഥാനങ്ങളുടെയും 50% സംവരണം എന്നിവ നടപ്പാക്കും, അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ലൈസൻസുകൾ റദ്ദാക്കി സ്വതന്ത്ര മാധ്യമങ്ങൾക്ക് വഴിയൊരുക്കും, കൂറുമാറ്റം നടത്തുന്ന എംഎൽഎയെയും എംപിയെയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും 20 വർഷത്തേക്ക് വിലക്കും എന്നിവയാണവ.
ആരാണ് സിജെപിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ
പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ ഈ 30കാരൻ നിലവിൽ യുഎസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയാണ്. പൂനെയിൽ നിന്നാണ് അദ്ദേഹം ജേർണലിസത്തിൽ ബിരുദം നേടിയത്. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ദീപ്കെ 2024ലാണ് എഎപി വിട്ടത്.
ഭരണത്തിൽ നിരാശരായ ആളുകൾക്കുള്ള ഒരു പ്രസ്ഥാനമായാണ് സിജെപി സ്വയം അവതരിപ്പിക്കുന്നത്. എന്നാൽ പ്രസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സിജെപി ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിലുണ്ടായ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, പൊളിറ്റിക്കൽ പ്രിവില്ലേജ്, സമ്പത്തിലും വരുമാനത്തിലുമുള്ള അസമത്വം, മുതലാളിത്തം, മറ്റ് അടിസ്ഥാന പ്രശ്നങ്ങൾ എല്ലാമാണ് സിജെപിയുടെ ഈ വളർച്ച്ക്ക് കാരണമെന്നാണ് അവരുടെ നിരീക്ഷണം.
ഭാവി പരിപാടികൾ
ബിഹാറിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോക്ക്രോച്ച് ജനതാ പാർട്ടി ആദ്യ അങ്കത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ ആദ്യത്തെ വെർച്വൽ ജെൻസി കൺവെൻഷൻ നടത്താനുള്ള പദ്ധതിയിലാണ് സിജെപിയെന്നും സൂചനകളുണ്ട്. വൻ സ്വീകാര്യത നേടി മുന്നേറുന്ന സിജെപിയുടെ തുടർ പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.