ചണ്ഡീഗഡ്: ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇതിന് പിന്നാലെ തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോയുള്ള ഐഡി കാര്‍ഡിലെ സ്ത്രീ. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഐഡി കാര്‍ഡുകളിലൊരാളായ പിങ്കി ജൂഗീന്ദര്‍ കൗശിക് എന്ന യുവതിയാണ് രംഗത്തെത്തിയത്.
വോട്ട് ചോരി ആരോപണം നിഷേധിച്ച യുവതി 2024ല്‍ താന്‍ വോട്ട് ചെയ്‌തെന്നും, ഫോട്ടോയിലെ പിശക് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെന്നും ഇന്ത്യ ടുഡേയോട് പറഞ്ഞു.
'2024ല്‍ ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വോട്ട് ചോരിയൊന്നുമില്ല. ഞാന്‍ വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ ആദ്യം പ്രിന്റ് ചെയ്ത് വന്നത് തെറ്റായ ഫോട്ടോ അടിച്ചാണ്. അതില്‍ എന്റെ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. അത് അപ്പോള്‍ തന്നെ തിരിച്ചയച്ചു. എന്നിട്ടും ശരിയായ ഐഡി ലഭിച്ചില്ല. പക്ഷെ 2024ല്‍ വോട്ടര്‍ സ്ലിപ്പും ആധാര്‍ കാര്‍ഡും ഉപയോഗിച്ച് വോട്ട് ചെയ്തു,' യുവതി പറഞ്ഞു.
ഇലക്ഷന്‍ ഓഫീസിന്റേയോ ബിഎല്‍ഒമാരുടേയോ ഭാഗത്ത് നിന്നുള്ള തെറ്റായിരിക്കാം. അത് തന്റെ തെറ്റാവുന്നത് എങ്ങനെയാണെന്നും യുവതി ചോദിച്ചു. തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. പിങ്കിയുടെ സഹോദരനും വോട്ട് ചോരി ആരോപണങ്ങള്‍ തള്ളി. ഇതൊന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ വോട്ടര്‍ പട്ടികയിലെ വ്യാജ വോട്ടര്‍മാരുടെ ക്രോഡീകരിച്ച ലിസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനം. ഈ കാണുന്നതാണ് ഹരിയാന വോട്ടര്‍ പട്ടികയിലെ നുണയുടെ കൂമ്പാരം, കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം ഇതാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
'മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ കശാപ്പ് നടത്തുകയാണെന്ന് . ഞങ്ങള്‍ ഏറെക്കാലമായി തെരഞ്ഞെടുപ്പുകളെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. അതെല്ലാം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകളാണ് ഈ കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാനയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും എല്ലാം ഇതാണ് നടന്നത്. രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വോട്ട് ശതമാനം കുതിച്ചുയര്‍ന്നതും ഞങ്ങളുടേത് കുറയുകയും ചെയ്തപ്പോഴെല്ലാം വോട്ട് കൊള്ള നടന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അന്ന് തെളിവ് ഇല്ലായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ തെളിവുണ്ട്,' രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
'തെരഞ്ഞെടുപ്പ് കമ്മീഷന് നിമിഷ നേരം കൊണ്ട് വ്യാജന്മാരെ മാറ്റാനാകും. എന്നാല്‍ അതിനുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അടക്കം വോട്ട് കൊള്ളയാണ് നടന്നത്. ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 3.5 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുമുണ്ട്. ബിഹാറിലും ഇതാവര്‍ത്തിക്കും. ഫലം വന്ന ശേഷം ഞങ്ങള്‍ പുറത്ത് വിടും,' രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.