

ഡൽഹി: ഇന്ത്യയുടെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്നും ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന വാക്കുകൾ വലിയ കളവാണെന്ന് തെളിയിക്കപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കൾ ഇക്കാര്യം മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ വോട്ടർ പട്ടികയിലെ വ്യാജ വോട്ടർമാരുടെ ക്രോഡീകരിച്ച ലിസ്റ്റ് ചൂണ്ടിക്കാട്ടി രാഹുൽ നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി. ഈ കാണുന്നതാണ് ഹരിയാന വോട്ടർ പട്ടികയിലെ നുണയുടെ കൂമ്പാരം, കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം ഇതാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
"ദേശഭക്തരുടെ കള്ളത്തരം ഈ രാജ്യം തിരിച്ചറിയട്ടെയെന്ന് . പ്രതിപക്ഷ നേതാവെന്ന നിലയിൽ നമ്മൾ ജീവിക്കുന്ന ലോകത്തെ തിരിച്ചറിയാൻ സഹായിക്കുകയാണ് എൻ്റെ കടമ. വോട്ട് കൊള്ളയിൽ ഞാൻ നടത്തുന്ന വാർത്താസമ്മേളനം എല്ലാം സുപ്രീം കോടതി കാണുന്നുണ്ട്. ചൂണ്ടിക്കാട്ടുന്നത് ആർക്കും തള്ളിക്കളയാനാകാത്ത തട്ടിപ്പാണ്. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല," രാഹുൽ പറഞ്ഞു.
"മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ചേർന്ന് രാജ്യത്തിൻ്റെ ജനാധിപത്യത്തിൻ്റെ കശാപ്പ് നടത്തുകയാണെന്ന് . ഞങ്ങൾ ഏറെക്കാലമായി തെരഞ്ഞെടുപ്പുകളെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. അതെല്ലാം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകളാണ് ഈ കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഹരിയാനയിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും എല്ലാം ഇതാണ് നടന്നത്. രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വോട്ട് ശതമാനം കുതിച്ചുയർന്നതും ഞങ്ങളുടേത് കുറയുകയും ചെയ്തപ്പോഴെല്ലാം വോട്ട് കൊള്ള നടന്നുവെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അന്ന് തെളിവ് ഇല്ലായിരുന്നു. ഇപ്പോൾ ഞങ്ങളുടെ പക്കൽ തെളിവുണ്ട്," രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
"തെരഞ്ഞെടുപ്പ് കമ്മീഷന് നിമിഷ നേരം കൊണ്ട് വ്യാജന്മാരെ മാറ്റാനാകും. എന്നാൽ അതിനുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അടക്കം വോട്ട് കൊള്ളയാണ് നടന്നത്. ഹരിയാനയിലെ വോട്ടർ പട്ടികയിൽ നിന്ന് 3.5 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിട്ടുമുണ്ട്. ബിഹാറിലും ഇതാവർത്തിക്കും. ഫലം വന്ന ശേഷം ഞങ്ങൾ പുറത്ത് വിടും," രാഹുൽ ഗാന്ധി വെളിപ്പെടുത്തി.