ഡൽഹിയിലെ പീരാഗർഹി ഫ്ലൈഓവറിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.40 വയസോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും 60 വയസ് പ്രായം കണക്കാക്കുന്ന മറ്റൊരാളുമാണ് മരിച്ചത്. സംഘട്ടനമോ മറ്റ് കുറ്റകൃത്യമോ നടന്ന ലക്ഷണങ്ങൾ ഒന്നും സംഭവസ്ഥലത്ത് കണ്ടെത്താൻ കഴിയാത്തതിനാൽ വിഷം ഉള്ളിൽ ചെന്നാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സംഘം വിശദമായി കാർ പരിശോധിച്ച ശേഷം മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള രണ്ട് പേരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.