കൊൽക്കത്ത: ദുർഗാപൂരിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. പ്രതികൾക്കെതിരെ ബലത്സംഗക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ ഇനി ഒരു പ്രതിയും കൂടിയുണ്ട്. അവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ഇന്നലെയാണ് ദുർഗാപൂരിലെ ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ വിദ്യാർഥി ബലാത്സംഗത്തിനിരയായ വാർത്ത പുറത്തുവന്നത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർഥിനിയെ കോളേജ് ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിർത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിപ്പോയെന്നും സംഭവത്തിൽ അയാൾക്കും പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും അക്രമികൾ മകളുടെ മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന 5,000 രൂപ തട്ടിയെടുത്തെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പശ്ചിമ ബംഗാൾ ഡോക്ടർമാരുടെ സംഘടന (ഡബ്ല്യുബിഡിഎഫ്) ഈ കുറ്റകൃത്യത്തെ അപലപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നതിൻ്റെ ഓർമപ്പെടുത്തലാണിത്. അതിജീവിതയ്ക്ക് നാതി ലഭിക്കണമെന്നും, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സർക്കാരുമായി ബന്ധപ്പെടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുതിർന്ന ഉദ്യോഗസ്ഥർക്ക നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.