കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ദുർഗാപൂരിലെ ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ വിദ്യാർഥിയാണ് ബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർഥിനിയെ കോളേജിന്റെ ഗേറ്റിന് സമീപത്തുവച്ച് തടഞ്ഞു നിർത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പെൺകുട്ടിയുടെ സുഹൃത്തിനെതിരെയും കുടുംബം ആരോപണമുന്നയിച്ചു.
സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിപ്പോയെന്നും സംഭവത്തിൽ അയാൾക്കും പങ്കുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും അക്രമികൾ മകളുടെ മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന 5,000 രൂപ തട്ടിയെടുത്തെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ദുർഗാപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പെൺകുട്ടിയുടെ സുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
കേസിൽ സംസ്ഥാന ആരോഗ്യ വകുപ്പ് കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ പെൺകുട്ടിയേയും മാതാപിതാക്കളെയും സന്ദർശിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബംഗാളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണ്. ഇത്തരം കേസുകളിൽ പൊലീസ് മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നത് നിർഭാഗ്യകരമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നത് തടയാൻ ഒരുമിച്ച് പ്രവർത്തിക്കാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നതായി എൻസിഡബ്ല്യു അംഗം അർച്ചന മജുംദാർ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.