മരിച്ച ശൗര്യ പാട്ടീൽ, മാതാപിതാക്കൾ Source: X
NATIONAL

ഒരു കുഞ്ഞിന് ഇങ്ങനെ ആത്മഹത്യാക്കുറിപ്പ് എഴുതാനാകുമോ? രാജ്യത്തെ ഞെട്ടിച്ച് 16കാരൻ്റെ മരണം; പ്രധാനധ്യാപകനും മൂന്ന് അധ്യാപകർക്കും സസ്പെൻഷൻ

16കാരനായ ശൗര്യ പാട്ടീലിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന കുറിപ്പിലുള്ള കാര്യങ്ങൾ ഞെട്ടലോടെയല്ലാതെ വായിക്കാനാകില്ല

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പത്താംക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷന്റെ രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പ്രധാനധ്യാപകനും മൂന്ന് ടീച്ചർമാർക്കും സസ്പെൻഷൻ. സെന്റ് കൊളംബസ് സ്കൂളിലെ വിദ്യാർഥിയായ ശൗര്യ പാട്ടീലാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്. 16കാരനായ ശൗര്യ പാട്ടീലിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന കുറിപ്പിലുള്ള കാര്യങ്ങൾ ഞെട്ടലോടെയല്ലാതെ വായിക്കാനാകില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് തന്റെ കത്തിൽ ശൗര്യ ആവശ്യപ്പെടുന്നു. പൊലീസും മാതാപിതാക്കളും ചേർന്നാണ് 16കാരന്റെ ബാഗിൽ നിന്ന് കുറിപ്പ് കണ്ടെത്തിയത്.

"എന്റെ അച്ഛനുമമ്മയും എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർക്ക് തിരികെ ഒന്നും നൽകാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. എന്റെ ഭാഗത്തുനിന്ന് വിഷമങ്ങളുണ്ടായെങ്കിൽ ചേട്ടനോടും ക്ഷമ ചോദിക്കുന്നു. ഹൃദയം തകർത്തതിന് അമ്മയോടും ക്ഷമ ചോദിക്കുന്നു. അവസാനമായി ഞാൻ നിങ്ങളുടെ ഹൃദയം തകർക്കുകയാണ്. എന്റെ അവയവങ്ങൾ കഴിയുമെങ്കിൽ മറ്റാർക്കെങ്കിലും ദാനം ചെയ്യണം,"

ഇത്രയുമെഴുതിയ ഒരു കുരുന്നിന് എന്തുകൊണ്ട് ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ശക്തിയാർജ്ജിക്കാൻ കഴിഞ്ഞില്ല. ഇത്രയും തിരിച്ചറിവുള്ള കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കാൻ പോന്ന അധ്യാപകരുടെ പ്രവൃത്തികൾ എത്ര നീചമായിരുന്നിരിക്കണം. അധ്യാപകർ കൊലയാളികളാവുകയാണോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

സ്കൂളിലെ സ്റ്റേജിൽ ഒരു പരിപാടിക്കായി ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതിനിടെ ശൗര്യ കുഴഞ്ഞുവീണിരുന്നു. അതിന് അധ്യാപകൻ അവനെ തുടർച്ചയായി ശകാരിച്ചു. പരസ്യമായി അപമാനിച്ചു. തുടർന്ന് 16കാരൻ കരയാൻ തുടങ്ങി. പൊട്ടിപൊട്ടിക്കരഞ്ഞപ്പോൾ നീ ഇനിയും കരയണം. എത്രവേണമെങ്കിലും കരഞ്ഞോ. അതെനിക്ക് പ്രശ്നമല്ലെന്ന് അധ്യാപകൻ പറഞ്ഞതായി ശൗര്യയുടെ അച്ഛൻ പ്രദീപ് പാട്ടീൽ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി ക്ലാസിനകത്തും പുറത്തും ശൗര്യ സമാനമായ പീഡനം അനുഭവിക്കുകയായിരുന്നു. മൂന്ന് അധ്യാപകരെക്കുറിച്ചാണ് ശൗര്യ തന്റെ കുറിപ്പിലെഴുതിയിരുന്നത്. സെൻട്രൽ ഡെൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിഷനിൽ നിന്നാണ് ശൗര്യയുടെ ചേതനയറ്റ ശരീരം പൊലീസ് കണ്ടെത്തിയത്. ശൗര്യ കത്തിലെഴുതിയിരുന്ന അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കണക്കിൽ മോശമാണെന്നും പഠനത്തിൽ ശ്രദ്ധയില്ലെന്നുമുള്ള നിരന്തരമായ കുറ്റപ്പെടുത്തൽ ശൗര്യ കേട്ടിരുന്നതായി മാതാപിതാക്കൾ പറയുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റെങ്ങോട്ടെങ്കിലും നോക്കിയാൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്ന് അധ്യാപകർ ശൗര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ കുട്ടിക്ക് അമിതാഭിനയമാണെന്ന് മൂന്ന് അധ്യാപകരും സദാ പരിഹസിച്ചിരുന്നു. ഇതിനെല്ലാം പലപ്പോഴും സെൻ്റ് കൊളംബസ് സ്കൂളിലെ പ്രിൻസിപ്പാളും സാക്ഷിയായിരുന്നു.

SCROLL FOR NEXT