

ശ്രീനഗര്‍: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന ആരോപണത്തില്‍ ജമ്മുവിലെ കശ്മീര്‍ ടൈംസ് പത്രം ഓഫീസ് റെയ്ഡ് ചെയ്ത് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്‌ഐഎ). എകെ 47 വെടിയുണ്ടകള്‍, പിസ്റ്റള്‍ വെടിയുണ്ടകള്‍, മൂന്ന് ഗ്രനേഡ് ലിവറുകള്‍ എന്നിവ റെയ്ഡില്‍ നിന്ന് കണ്ടെടുത്തതായായി എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെറ്റായ വിവരങ്ങള്‍ പങ്കുവച്ചെന്നും, വിഘടനവാദ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും ആരോപിച്ച് കശ്മീര്‍ ടൈംസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പത്രത്തിന്റെ ഓഫീസ് പരിസരത്തും കംപ്യൂട്ടറുകളിലും വിശദമായ പരിശോധനകള്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഓഫീസിലെ റെയ്ഡുകള്‍ തങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാമെന്ന് കശ്മീര്‍ ടൈംസ് പ്രസ്താവനയില്‍ പറഞ്ഞു.
'വിമര്‍ശനാത്മക ശബ്ദങ്ങള്‍ കുറഞ്ഞുവരുന്ന കാലഘട്ടത്തില്‍ അധികാരത്തോട് സത്യം പറയാന്‍ തയ്യാറുള്ള ചുരുക്കം ചില സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഞങ്ങള്‍ നിലകൊള്ളുന്നു. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ വന്നിട്ടുള്ള ആരോപണങ്ങള്‍ ഭയപ്പെടുത്താനും നിയമസാധ്യത ഇല്ലാതാക്കാനും നിശബ്ദമാക്കാനും വേണ്ടിയാണ്. അതുകൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാകില്ല,' എന്ന് കശ്മീര്‍ ടൈംസ് പ്രസ്താവനയില്‍ പറയുന്നു.
അതേസമയം തെറ്റു ചെയ്‌തെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ കശ്മീര്‍ ടൈംസിനെതിരെ നടപടി പാടുള്ളുവെന്നും സമ്മര്‍ദത്തിന് വേണ്ടിയാകരുത് അത് ചെയ്യുന്നതെന്നും പ്രതികരിച്ച് ഉപമുഖ്യമന്ത്രി സുരീന്ദര്‍ സിംഗ് ചൗധരി പറഞ്ഞു.