ഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും കിട്ടാത്ത തരത്തിലുള്ള അസാധാരണ സംരക്ഷണമാണ് കേന്ദ്രസര്ക്കാര് നല്കുന്നതെന്ന് സിജെപി കണ്വീനര് അഭിജിത് ദീപ്കെ ആരോപിച്ചു. തെരഞ്ഞെടുപ്പില് മോദിയെ സഹായിച്ചതിൻ്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും അഭിജിത് ചോദിച്ചു.
മോദിക്ക് ദേശീയ പതാകയേക്കാള് വലുത് ഗ്യാനേഷ് കുമാര് ആണെന്നും ദീപ്കെ വിമര്ശിച്ചു. വാര്ത്താസമ്മേളനത്തിനിടയില് ഐസ ദേശീയ പ്രസിഡൻ്റ് നേഹ ബോറ സംസാരിക്കുന്നതിനിടെ റിപ്പബ്ലിക് ടിവി മാധ്യമപ്രവര്ത്തകന് ബഹളം വെച്ചതിനെ തുടര്ന്ന് ചെറിയ സംഘര്ഷാവസ്ഥയുണ്ടായി.
വാര്ത്താസമ്മേളനം തടസപ്പെടുത്താന് ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പുറത്താക്കി. പ്രക്ഷോഭത്തിനിടെ മാധ്യമപ്രവര്ത്തകര് കയ്യില് തിരിച്ചറിയല് കാര്ഡ് ഉണ്ടായിട്ടും ആക്രമിക്കപ്പെട്ടെന്നും നേഹ ബോറ പറഞ്ഞു. ജന്തര്മന്തറില് ദേശീയപതാക വീശിയതിനെ കുറ്റമാക്കിയ നടപടിയെയും നേതാക്കള് ചോദ്യം ചെയ്തു.
കൊണാട്ട് പ്ലേസിൽ നാളെ ദേശീയ പതാകയേന്തിയുള്ള പ്രതിഷേധം എല്ലാവരും അണിചേരണമെന്ന് ദീപ്കെ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ ജയിലില് അടയ്ക്കുംവരെ പോരാട്ടം തുടരാനും നേതാക്കള് ആഹ്വാനം ചെയ്തു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സിജെപി നേതാക്കൾക്ക് ഒപ്പം നടൻ പ്രകാശ് രാജ് രാജ്ഘട്ട് സന്ദർശിച്ചു. നാളത്തെ സിജെപി തിരങ്ക മാർച്ച് സംബന്ധിച്ച വാർത്താസമ്മേളനം നടത്തിയശേഷമാണ് നേതാക്കളും പ്രകാശ് രാജും രാജ്ഘട്ടിലെത്തിയത്.