ജഗ്ദീപ് ധൻഖഡ് Source: ANI
NATIONAL

"ജഗ്ദീപ് ധൻഗഡ് രാജിവെച്ചത് പ്രധാനമന്ത്രിയുടെ സമ്മർദത്തെ തുടർന്ന്"; ആരോപണവുമായി ടിഎംസി എംപി

രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗഡിൻ്റെ രാജിയിൽ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിർന്ന കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദത്തെ തുടർന്നാണ് ജഗ്ദീപ് ധൻഗഡിൻ്റെ രാജിയെന്നാണ് കല്യാണ്‍ ബാനര്‍ജിയുടെ ആരോപണം. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് പറഞ്ഞ് ജഗ്ദീപ് ധൻഗഡിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

"പ്രധാനമന്ത്രിയുടെയും മറ്റ് കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദ തന്ത്രങ്ങളെ തുടർന്നാണ് ഈ രാജി. ഇതാണ് അവർ ചെയ്യുന്നത്. നേരത്തെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണർ (അരുൺ ഗോയൽ) രാജിവച്ചത് നമ്മൾ കണ്ടിരുന്നു," കല്യാണ്‍ ബാനര്‍ജി പാർലമെന്റ് ഹൗസിൽ നിന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.രാജ്‌നാഥ് സിങ്ങിനെ ഉപരാഷ്ട്രപതിയാക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നതെന്നും ബാനർജി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഗഡ് രാജിവെച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. തൻ്റെ ചുമതല നല്ല രീതിയിൽ നിർവഹിക്കാൻ സഹായിച്ച പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നന്ദിയെന്ന് രാജിക്കത്തിൽ അദ്ദേഹം പരാമർശിച്ചു. അഭിമാനത്തോടെയാണ് തൻ്റെ പടിയിറക്കമെന്നും രാജ്യം കൈവരിച്ച പുരോഗതിയിൽ അഭിമാനമുണ്ടെന്നും ജഗ്‌ദീപ് ധൻഗഡ് പ്രതികരിച്ചു. ഭാരതത്തിൻ്റെ ഭാവിയിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേർത്തു.

SCROLL FOR NEXT