ജഗ്ദീപ് ധൻഗഡിൻ്റെ രാജിക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ പുറത്ത്

പുതിയ റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ തന്നെ ഇതേ ജഡ്ജിയെ പുറത്താക്കാൻ പ്രമേയം തയ്യാറാക്കിയിരുന്നുവെന്നാണ് എൻഡിടിവി പുതുതായി റിപ്പോർട്ട് ചെയ്യുന്നത്.
ജഗ്ദീപ് ധൻഖഡ്
ജഗ്ദീപ് ധൻഖഡ്Source: ANI
Published on

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗഡിൻ്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലുള്ള യഥാർഥ കാരണങ്ങൾ കൂടുതൽ മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ പ്രകാരം പ്രതിപക്ഷം ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് ശർമയെ പുറത്താക്കണമെന്ന ആവശ്യവുമായ രാജ്യസഭയിൽ കൊണ്ടുവന്ന പ്രമേയം, സഭാ അധ്യക്ഷനായ ജഗ്ദീപ് ധൻഗഡ് സ്വീകരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ തന്നെ ഇതേ ജഡ്ജിയെ പുറത്താക്കാൻ പ്രമേയം തയ്യാറാക്കിയിരുന്നുവെന്നാണ് എൻഡിടിവി പുതുതായി റിപ്പോർട്ട് ചെയ്യുന്നത്. ഭരണകക്ഷി ലോക്സഭയിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ എംപിമാരും ഒപ്പുവെച്ചിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ജഗ്ദീപ് ധൻഖഡ് പ്രതിപക്ഷ എംപിമാരുടെ പ്രമേയം സർക്കാരിനെ അറിയിക്കാതെ അംഗീകരിച്ചപ്പോൾ കേന്ദ്ര സർക്കാർ തീർത്തും ഞെട്ടി. പിന്നാലെ ഇത് നിരവധി തുടർ സംഭവങ്ങൾക്കും തുടക്കമിട്ടു. മണിക്കൂറുകൾക്കുള്ളിൽ ധൻഖഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കുന്നതിലേക്ക് ഇത് നയിച്ചു. സംഭവങ്ങളുടെ വിശദാംശങ്ങളാണ് ദേശീയ മാധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടത്.

ജഗ്ദീപ് ധൻഖഡ്
ഉപരാഷ്ട്രപതിയുടെ രാജിയില്‍ 'ഞെട്ടി' കോണ്‍‌ഗ്രസ്; ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ലെന്ന് നേതാക്കള്‍

ആറു മാസം മുമ്പ് പ്രതിപക്ഷം ജഗ്ദീപ് ധൻഖഡിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന് ശേഷം ഉപരാഷ്ട്രപതി കൂടുതൽ പ്രതിപക്ഷത്തേക്ക് ചായുന്ന നിലപാട് സ്വീകരിച്ചെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നത്. ഉപരാഷ്ട്രപതി പലപ്പോഴും പരിധി ലംഘിച്ചെന്നും ബിജെപി സർക്കാർ സ്വന്തം എംപിമാരെ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വാസ്തവത്തിൽ സംഭവിച്ചതെന്ത്?

ജസ്റ്റിസ് വർമയ്‌ക്കെതിരായ പ്രതിപക്ഷ എംപിമാരുടെ പ്രമേയം ധൻഖഡ് അംഗീകരിച്ചു എന്നു മാത്രമല്ല, കേന്ദ്ര സർക്കാരിനെ അതേക്കുറിച്ച് ഒന്നും അറിയിക്കാതെ ഇരുട്ടിൽ നിർത്തിയെന്നും വൃത്തങ്ങൾ ആരോപിച്ചു. കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നെങ്കിൽ ഭരണകക്ഷിയിലെ എംപിമാരും പ്രമേയത്തിൽ ഒപ്പുവെക്കുമായിരുന്നു എന്നാണ് ഒരു കേന്ദ്ര സർക്കാർ പ്രതിനിധിയെ ഉദ്ധരിച്ച് എഎൻഡിടിവി റിപ്പോർട്ട് ചെയ്തത്. പ്രതിപക്ഷ എംപിമാരെയും പരിഗണിച്ച്, ലോക്‌സഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ പദ്ധതിക്ക് എതിരായിരുന്നു ഈ തീരുമാനം എന്നും വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു.

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിൽ കേന്ദ്ര സർക്കാർ അസ്വസ്ഥരാണെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിൻ്റെ നീക്കം ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വത്തെ അങ്കലാപ്പിലാക്കിയെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ബിജെപി രഹസ്യ യോഗം ചേർന്നോ?

പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി അംഗീകരിച്ചതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന മന്ത്രിമാരുടെ ഒരു യോഗം നടന്നു. തുടർന്ന് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഓഫീസിലും മന്ത്രിമാർ യോഗം ചേർന്നു. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിക്കാൻ ബിജെപിയുടെ ചീഫ് വിപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായി ബിജെപി എംപിമാരെ വിളിച്ച് തയ്യാറാക്കി വെച്ചിരുന്ന ഒരു പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം എൻഡിഎയിലെ മറ്റു ഘടകകക്ഷി അംഗ എംപിമാരുടെ ഒപ്പുകളും ആവശ്യപ്പെട്ടു. എല്ലാ എംപിമാരോടും പ്രമേയത്തെക്കുറിച്ച് മൗനം പാലിക്കാനും ആവശ്യപ്പെട്ടു. അടുത്ത നാല് ദിവസം ഡൽഹിയിൽ തന്നെ തുടരാനും, പാർലമെൻ്റിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. അതിന് ശേഷം ഈ പ്രമേയത്തെക്കുറിച്ചും എംപിമാർ ഇതിനോടകം തന്നെ അതിൽ ഒപ്പുവെച്ചിരുന്നു എന്ന വസ്തുതയെക്കുറിച്ചും ഉപരാഷ്ട്രപതി ധൻഖഡിനെ അറിയിച്ചു.

ജഗ്ദീപ് ധൻഖഡ്
ആ ഫോൺ കോൾ ആരുടേത്? ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിൻ്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലെ അറിയാക്കഥ

പ്രതിപക്ഷ പ്രമേയം ഉപരാഷ്ട്രപതി അംഗീകരിച്ചെന്ന വാർത്ത പരന്നതോടെ ചൊവ്വാഴ്ച മുതിർന്ന കേന്ദ്ര മന്ത്രിമാർ എംപിമാരെ ഗ്രൂപ്പുകളായി വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗഡ് തൻ്റെ അധികാരപരിധി ലംഘിച്ചെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. ധൻഗഡ് മുമ്പ് സർക്കാരിനെതിരെ തിരിഞ്ഞ ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയായിരുന്നു എംപിമാരോട് ബിജെപി നേതൃത്വം വിശദീകരണം നൽകിയത്.

ഇതിനെല്ലാം പിന്നാലെ ബിജെപിയുടെ ഭാഗത്ത് നിന്ന് അവിശ്വാസ പ്രമേയ നോട്ടീസ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ജഗ്ദീപ് ധൻഗഡ് രാജിവെച്ച് പദവിയൊഴിഞ്ഞത്. ഇനിയും രണ്ട് വർഷം കൂടി കാലാവധി ബാക്കി നിൽക്കെയാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.25ന് രാജിക്കത്ത് ജഗ്ദീപ് ധൻഗഡ് എക്സിലൂടെ പങ്കുവെച്ചത്. ഇതിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും ടാഗ് ചെയ്തിരുന്നു.

ജഗ്ദീപ് ധൻഖഡ്
"ധൻഖഡ് ജീക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു"; ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രധാനമന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com