വിജയ് Source: X / ANI
NATIONAL

മത്സരം ടിവികെയും ഡിഎംകെയും തമ്മിലെന്ന് പ്രഖ്യാപനം; ടിവികെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ്

റാലി നടത്താൻ അനുമതി തേടുമ്പോൾ രാജ്യത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുകയെന്നായിരുന്നു പ്രധാന വിമർശനം.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയിയെ പ്രഖ്യാപിച്ചു. ഇന്ന് ചെന്നൈയിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ് തീരുമാനം. സഖ്യ സാധ്യതകൾ തള്ളി ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. അതിനിടെ കരൂർ ദുരന്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്റ്റാലിനെ വിജയ് കടന്നാക്രമിച്ചു. രാജ്യത്തെവിടെയുമില്ലാത്ത നിയന്ത്രണങ്ങളാണ് തനിക്ക് ഏർപ്പെടുത്തുതെന്ന് വിജയ് വിമർശിച്ചു.

കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ചെന്നൈയിലെ മഹാബലിപുരത്തെ ടിവികെയുടെ ജനറൽ ബോഡി യോഗം ആരംഭിച്ചത്. 2026 ൽ നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന തീരുമാനങ്ങളെടുക്കാനായിരുന്നു 2000 ത്തോളം പ്രവർത്തകരെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിച്ചത്. അധ്യക്ഷനായ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള പൂർണ അധികാരവും യോഗം വിജയ്ക്ക് നൽകി. എഐഡിഎംകെയുമായുള്ള സഖ്യസാധ്യതകളെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനിൽക്കെയാണ് വിജയിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

2026 ൽ ടിവികെയും ഡിഎംകെയും തമ്മിലായിരിക്കും മത്സരം എന്നാവർത്തിച്ച വിജയ് കരൂർ ദുരന്തത്തിൽ മുഖ്യമന്ത്രി സ്റ്റാലിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. റാലി നടത്താൻ അനുമതി തേടുമ്പോൾ രാജ്യത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുകയെന്നായിരുന്നു പ്രധാന വിമർശനം. ദുരന്തം നടന്നതിന് പിന്നാലെ ഡിഎംകെ പാർട്ടിക്കെതിരെയും തനിക്കെതിരെയും അപവാദപ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. കരൂർ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം റദ്ദാക്കിയ സുപ്രിംകോടതിയുടെ വിധിയുടെ ഭാഗങ്ങളും വിജയ് വായിച്ചു. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടതെന്നും വിജയ് ആഞ്ഞടിച്ചു.

കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യപ്രധാന യോഗമാണിത്. ഈ വർഷം രണ്ടാം തവണയാണ് ജനറൽ ബോഡി യോഗം നടക്കുന്നത്. പാർട്ടി ഘടന ദുർബലമാണെന്നുള്ള വിലയിരുത്തകൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നിരുന്നു. സ്ത്രീ സുരക്ഷ, നെല്ല് സംഭരണം ശരിയായ രീതിയിൽ നടപ്പാക്കത്തത്, തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നിവക്കെതിരെയും യോഗത്തിൽ പ്രമേയം പാസാക്കി.

SCROLL FOR NEXT