

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് അറസ്റ്റിലായ അറുപതുകാരന്‍ അക്തര്‍ ഹുസൈനി ഖുത്ബുദ്ദീന്‍ അഹമ്മദ് ആണവ സംബന്ധമായ വിവരങ്ങള്‍ എന്ന വ്യാജേന ചില ഡിസൈനുകള്‍ ഇറാന്‍ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ''സൈന്റിഫിക് കൊളാബൊറേഷന്‍, ''റിസര്‍ച്ച് പാര്‍ടണര്‍ഷിപ്പ്'' എന്നിങ്ങനെയുള്ള പേരുകളിലുള്ള ഡിസൈനുകളാണ് വില്‍ക്കാന്‍ ശ്രമിച്ചത്.
അക്തര്‍ ഹുസൈനി ഖുത്ബുദ്ദീന്‍ അഹമ്മദിനൊപ്പം സഹോദരന്‍ ആദില്‍ ഹുസൈനി (59) യെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലിഥിയം-6 റിയാക്ടറിന്റെ രൂപരേഖ വിപിഎന്നിലൂടെയും മറ്റു എന്‍ക്രിപ്റ്റഡ് നെറ്റ്‌വര്‍ക്കുകളിലൂടെയും വില്‍ക്കാന്‍ ശ്രമിച്ച കേസിനാണ് ആദില്‍ ഹുസൈനിയെ അറസ്റ്റ് ചെയ്തത്.
ഇരുവരും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തെഹ്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ഇറാനിയന്‍ എംബസിയും ദുബായിയും ഇരുവരും സന്ദര്‍ശിച്ചു. മുംബൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ നയതന്ത്രജ്ഞനെയും തങ്ങള്‍ ഭാഭ അറ്റോമിക് സെന്ററിലെ ശാസ്ത്രജ്ഞരാണെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാക്ടര്‍ ബ്ലൂപ്രിന്റുകളുടെയും മറ്റും വ്യാജ വിവരങ്ങള്‍ നല്‍കിയാണ് നയതന്ത്രജ്ഞനെ ഇരുവരും കബളിപ്പിച്ചത്.
പ്ലാസ്മ താപനില നിയന്ത്രിക്കുന്നതിനായി ലിഥിയം 6 അടിസ്ഥാനമാക്കിയുള്ള ഫ്യൂഷന്‍ റിയാക്ടറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഇറാനിയന്‍ കമ്പനികളെ തെറ്റുദ്ധരിപ്പിച്ചു. ലിഥിയം-7 ഉപയോഗിച്ച് ഒരു റിയാക്ടര്‍ ടെസ്റ്റ് ചെയ്‌തെന്നും എന്നാല്‍ അത് പ്ലാസ്മ താപനില നിയന്ത്രിക്കാനാവാത്തതിനാല്‍ പരാജയപ്പെട്ടുവെന്നും ഇറാനിയന്‍ കമ്പനികളെ തെറ്റുദ്ധരിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനായി ന്യൂക്ലിയര്‍ റിയാക്ടര്‍ ഫിസിക്‌സ്, ഐസോടോപ് കെമിസ്ട്രി, പ്ലാസ്മ ഡൈനാമിക്‌സ്, തുടങ്ങി സങ്കീര്‍ണമായ പദങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അവര്‍ നല്‍കുന്ന മൊഴിയിലെ സാങ്കേതിക പദങ്ങള്‍ മനസിലാക്കുന്നതിനായി പ്ലാസ്മ ഫിസിക്‌സ്, ന്യൂക്ലിയര്‍ എഞ്ചിനീയറിങ് എന്നീ മേഖലകളിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ താമസിച്ചു വരുന്ന അക്തറിനെ മുംബൈ പെലീസും സഹോദരനെ ഡല്‍ഹി പൊലീസുമാണ് അറസ്റ്റ് ചെയ്തത്. അക്തറില്‍ നിന്നും ന്യൂക്ലിയര്‍ ആയുധങ്ങളുമായി ബന്ധപ്പെട്ടെന്ന് കരുതുന്ന വിവരങ്ങളും പത്തോളം മാപ്പുകളും കണ്ടെടുത്തിട്ടുണ്ട്. നിരവധി വ്യാജ പാസ്‌പോര്‍ട്ടുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, വ്യാജ ബാര്‍ക്ക് ഐഡികള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഒരു ഐഡി അലി റാസ ഹുസൈന്‍ എന്ന പേരിലും മറ്റേ ഐഡി അലക്‌സാണ്ടര്‍ പാമെര്‍ എന്ന പേരിലുമായിരുന്നു.
1995 മുതല്‍ ഇരുവര്‍ക്കും വിദേശ ഫണ്ടുകള്‍ വരാന്‍ തുടങ്ങിയിരുന്നു. തുടക്കത്തില്‍ ലക്ഷങ്ങളാണ് ലഭിച്ചിരുന്നതെങ്കില്‍ 2000ത്തിന് ശേഷം കോടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രഹസ്യ വിവരങ്ങള്‍ കൈമാരിയതിനാണ് പണം ലഭിച്ചുകൊണ്ടിരുന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍.