തമിഴ്‌നാട്ടില്‍ ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ അധികാരത്തിലേറിയിട്ട് 100 നാള്‍. ജനസ്വീകാര്യതയും അഴിമതി വിരുദ്ധ നിലപാടുമാണ് ടിവികെക്ക് കരുത്ത് പകരുന്നത്. 100 ദിവസത്തിനുള്ളിൽ നിരവധി ജനക്ഷേമ പദ്ധതികൾക്കും ടിവികെ സർക്കാർ തുടക്കമിട്ടിരുന്നു. 'ഭരണത്തിന്റെ 100 നാള്‍, തലമുറകള്‍ക്കായുള്ള സര്‍ക്കാര്‍' എന്ന തലക്കെട്ടിലാണ് സുപ്രധാന പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. സ്ത്രീസുരക്ഷ, കർഷകക്ഷേമം, യുവാക്കളുടെ നൈപുണ്യ വികസനം, സുതാര്യമായ ഭരണസംവിധാനം എന്നിവയ്ക്കാണ് സർക്കാർ പ്രധാനമായും ശ്രദ്ധ നൽകിയതെന്ന് ഭരണനേട്ടങ്ങള്‍ വിവരിച്ച് വിജയ്‌യും പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി 'സിംഗപ്പെണ്ണ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്' ടിവികെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കൂടാതെ തായിമാമൻ തങ്ക മോതിരം പദ്ധതിയുടെ ഭാഗമായി, സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണ മോതിരം നൽകും. പദ്ധതിക്കായി 560 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അണ്ണൻ സീർ പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് വിവാഹത്തിനായി എട്ട് ഗ്രാം സ്വർണ നാണയവും, പട്ടുസാരിയും നൽകുന്നു. പദ്ധതിക്കായി 812 കോടി രൂപ അനുവദിച്ചത്. വെട്രി സ്കിൽ ട്രെയിനിങ് പദ്ധതിയിലൂടെ 12 ലക്ഷം വിദ്യാർഥികൾക്കും ലക്ഷം യുവാക്കൾക്കും നൈപുണ്യ വികസന പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ പെരുന്തലൈവർ കാമരാജൻ പ്രഭാത ഭക്ഷണ പദ്ധതി വഴി 15,414 സ്കൂളുകളിലെ ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ 15.14 ലക്ഷം വിദ്യാർഥികൾക്ക് കൂടി പ്രയോജനം ലഭ്യമാക്കുന്ന തരത്തിൽ പദ്ധതി വിപുലീകരിച്ചു. 710 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. വെട്രി ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുന്നതിനായി 2000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ സർക്കാർ എയിഡഡ് സ്കൂളുകളിലെ പതിനൊന്നാം ക്ലാസ്സുകളിലെ കുട്ടികൾക്ക് വാട്ടർ ബോട്ടിൽ, ഹെൽമറ്റ് എന്നിവ ഉള്‍പ്പെടെ ബ്രാൻഡഡ് സൈക്കിളുകൾ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കർഷകർക്കായി 6,000 കോടിയുടെ കാർഷിക വായ്പ എഴുതിതളളൽ പ്രഖ്യാപിച്ചിട്ടുണ്ട്. വെട്രി ഭവന പദ്ധതിക്കായി 3,500കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജലിതരണം, മാലിന്യ സംസ്ക്കരണം, ശുചിത്വ സംവിധാനം, ഗ്രാമീണ മേഖലകളിലെ ഗതാഗതം എന്നിവയ്ക്കായി 6,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 150 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നതാണ് വെട്രി 150 പദ്ധതി. വെട്രി മഗളിർ പദ്ധതയിലൂടെ പിന്നാക്കക്കാരായ സ്ത്രീകൾക്കും ട്രാസ്ജെൻഡറുകൾക്കും അഞ്ച് ആടുകളെയോ ചെമ്മരിയാടുകളെയോ നല്‍കുന്നുണ്ട്. വെട്രി തമിഴ്‌നാട് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് 2026 വഴി ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളും സര്‍ക്കാര്‍ നേടിയിട്ടുണ്ട്.
മയക്കുമരുന്നുകടത്ത് തടയുന്നതിനായി 'സ്റ്റിങ്' എന്ന പ്രത്യേക ടാസ്‌ക് ഫോഴ്സിന് കീഴിൽ 65 പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്കു സമീപം പ്രവർത്തിക്കുന്ന 717 മദ്യശാലകള്‍ക്കും ഇതിനോടകം പൂട്ടിട്ടു. രണ്ട് മാസത്തിൽ 500 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യമാണ്. 'ഒരു കാലഘട്ടത്തിനായുള്ള ജനങ്ങളുടെ മനഃസാക്ഷി'ക്കുള്ള പ്രതിബദ്ധതയാണ് നൂറ് ദിവസത്തെ ഭരണ റിപ്പോര്‍ട്ട് പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വിജയ് കൂട്ടിച്ചേര്‍ത്തു. ഏപ്രിലിൽ നിയമസഭ തെരഞ്ഞെടുപ്പ് ജയിച്ച ടിവികെ മെയ് 10നാണ് സർക്കാർ രൂപീകരിച്ചത്.
അതേസമയം, റീലുകൾ സൃഷ്ടിക്കുന്നത് മാത്രമാണ് ടിവികെ സർക്കാരിന്റെ നേട്ടമെന്നാണ് പ്രതിപക്ഷമായ ഡിഎംകെയുടെ വിമര്‍ശനം. അടുത്തിടെയുണ്ടായ നിരവധി അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ലഹരിമാഫിയ ആണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍, സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്ന് നിയമസഭയില്‍ കുറ്റപ്പെടുത്തി. കോയമ്പത്തൂരില്‍ 19 കാരന്‍ അമുദന്‍ ക്രൂരമായി കൊല്ലപ്പെട്ടു. അത് സംഘങ്ങള്‍ തമ്മിലുള്ള ആക്രമണം അല്ല, കൊലപാതകമാണ്. യുവാവ് എസ്‍സി വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ലഹരി മാഫിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരം നല്‍കിയതിനെ തുടര്‍ന്നാണ് അമുദന്‍ കൊല്ലപ്പെട്ടത്. യുവാവിന്റെ മാതാപിതാക്കളും സമാനം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് ആവശ്യപ്പെട്ട ഉദയനിധി, ബോധവത്കരണം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളുടെ അനിവാര്യതയും സൂചിപ്പിച്ചു.