കള്ളക്കുറിച്ചി: വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട കേസിൽ കള്ളക്കുറിച്ചി ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെ തമിഴ്നാട് പൊലീസ് കള്ളക്കുറിച്ചിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ജില്ലാ കളക്ടർ ജെ.ഇ. പത്മജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എംഎൽഎ വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയും, കളക്ടറുടെ വസതിയിൽ ഉൾപ്പെടെ ചെന്ന് അപമര്യാദയായി പെരുമാറുകയും, പൊതു പരിപാടികളിൽ ശല്യം ചെയ്തു എന്നാണ് കളക്ടർ നൽകിയ പരാതിയിൽ പറയുന്നത്.
ജൂലൈ മാസം മുതൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടന്നിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നവംബർ 23നാണ് കളക്ടർ ഔദ്യോഗികമായി പരാതി നൽകിയത്. ഇതിന് നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെയും ഭാരതീയ ന്യായ സംഹിത 75, 78, 79, 132 എന്നീ വകുപ്പുകളിലെയും ലൈംഗിക അതിക്രമം, പിന്തുടരുക, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ കൃത്യ നിർവഹണത്തിൽ തടസം നിൽക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദേശീയ വനിതാ കമ്മീഷനും ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു. എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ ഡിഎംകെയും എഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അറസ്റ്റ് വൈകിയതും സംഘടനാപരമായ നടപടികൾ ഉണ്ടാകാതിരുന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
മദ്രാസ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. നവംബർ 23 ന് കളക്ടർ ചീഫ് സെക്രട്ടറി എം സായ് കുമാറിന് സമർപ്പിച്ച പരാതിയെ തുടർന്നാണ് തമിഴ്നാട് സർക്കാർ നാലംഗ ഐസിസി രൂപീകരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി കകർല ഉഷയാണ് കമ്മിറ്റിയുടെ അധ്യക്ഷ. ഭിന്നശേഷിക്കാരുടെ ക്ഷേമ സെക്രട്ടറി എസ് മധുമതി, നിയമ സെക്രട്ടറി പി സുമതി, ഒരു എൻജിഒയെ പ്രതിനിധീകരിച്ച് സുനിത ജോ എന്നിവർ അംഗങ്ങളാണ്.