TVK MLA V.S. Babu, Who Defeated M.K. Stalin In Kolathur, Passes Away At 75 In Chennai News Malayalam
NATIONAL

എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു

2011 മുതൽ എം.കെ. സ്റ്റാലിൻ തുടർച്ചയായി വിജയിച്ചിരുന്ന കൊളത്തൂർ മണ്ഡലത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.എസ്. ബാബു അട്ടിമറി വിജയം നേടിയത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായ തമിഴക വെട്രി കഴകം എം.എൽ.എ വി.എസ്. ബാബു (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയായ എം.ജി.എം ഹെൽത്ത്‌കെയറിൽ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 2:24-നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 9-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 71 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നും ആശുപത്രി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.

2011 മുതൽ എം.കെ. സ്റ്റാലിൻ തുടർച്ചയായി വിജയിച്ചിരുന്ന കൊളത്തൂർ മണ്ഡലത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.എസ്. ബാബു അട്ടിമറി വിജയം നേടിയത്. തിരഞ്ഞെടുപ്പിൽ 82997 വോട്ടുകൾ നേടിയാണ് അദ്ദേഹം ഡി.എം.കെ അധ്യക്ഷനെ പരാജയപ്പെടുത്തിയത്. 'പുരസൈ ബാബു' എന്നറിയപ്പെട്ടിരുന്ന വി.എസ്. ബാബു, നേരത്തെ 2006 മുതൽ 2011 വരെ ഡി.എം.കെ ടിക്കറ്റിൽ പുരസവാക്കം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു.

അന്ന് നോർത്ത് ചെന്നൈ ജില്ലാ ചുമതല വഹിച്ചിരുന്ന കാലത്ത് കൊളത്തൂരിലെ സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. പിന്നീട് 2016 ജൂണിൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം 2026 ഫെബ്രുവരി 7 നാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ അംഗത്വമെടുത്തതും കൊളത്തൂരിൽ സ്ഥാനാർത്ഥിയായി മത്സരിച്ചതും.

SCROLL FOR NEXT