'ഇന്ത്യയിലെ ആദ്യത്തെ എഐ അഴിമതി'; തമിഴ്‌നാട്ടിനെ ഞെട്ടിച്ച് വൻ ലൈബ്രറി തട്ടിപ്പ്, ഒടുവില്‍ എഫ്‌ഐആർ; മുന്‍ ഡിഎംകെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച പ്രധാന പ്രസാധകരായ 'അഗൽവിളക്ക്' പബ്ലിക്കേഷൻസിന്റെയും ഉടമ മോഹന്റെയും ബാങ്ക് അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാനും ലൈബ്രറികളിൽ കയറ്റിയ വ്യാജ പുസ്തകങ്ങൾ പൂർണ്ണമായി പിൻവലിക്കാനും കോടതി കർശന ഉത്തരവ് നൽകി.
Madras High Court Orders FIR Over "India's First AI Scam": Fake Books and Phantom Authors Flood Tamil Nadu Libraries
Madras High Court Orders FIR Over "India's First AI Scam": Fake Books and Phantom Authors Flood Tamil Nadu LibrariesNews Malayalam 24x7
Published on: 
Updated on: 

ചെന്നൈ: തമിഴ്‌നാട്ടിലെ പൊതു ലൈബ്രറികളിലേക്ക് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിലവാരമില്ലാത്തതും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയതുമായ വ്യാജ പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയ വൻ അഴിമതിയിൽ വിജിലൻസിനോട് അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുഖജനാവിൽ നിന്ന് കോടികൾ കൊള്ളയടിച്ച ഈ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയല്ലാതെ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങിയ ബെഞ്ച്, തട്ടിപ്പിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു.

തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച പ്രധാന പ്രസാധകരായ 'അഗൽവിളക്ക്' പബ്ലിക്കേഷൻസിന്റെയും ഉടമ മോഹന്റെയും ബാങ്ക് അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാനും ലൈബ്രറികളിൽ കയറ്റിയ വ്യാജ പുസ്തകങ്ങൾ പൂർണ്ണമായി പിൻവലിക്കാനും കോടതി കർശന ഉത്തരവ് നൽകി. പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗനാണ് ഈ വൻ തട്ടിപ്പിന്റെ വിവരങ്ങൾ ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയത്.

Madras High Court Orders FIR Over "India's First AI Scam": Fake Books and Phantom Authors Flood Tamil Nadu Libraries
അഴിമതി കേസ്; തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷിൻ്റെ വസതിയിൽ ക്രൈംബ്രാഞ്ച് പരിശോധന

കോയമ്പത്തൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത 'പെരിയാർ അറിവുലകം' ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗമായിരുന്ന പെരുമാൾ മുരുഗൻ, അവിടെ എത്തിച്ച പുസ്തകങ്ങളിൽ ഭൂരിഭാഗവും വ്യാജ പേരുകളിലുള്ളതും തെറ്റുകൾ നിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിയമം, ശാസ്ത്രം, കൃഷി, ബഹിരാകാശ ഗവേഷണം, ജാതിവിരുദ്ധ പോരാട്ടങ്ങൾ തുടങ്ങി സർവ്വ വിഷയങ്ങളിലും പുസ്തകങ്ങൾ രചിച്ചതായി കാണിച്ച 'നിവേദ പോൾരാജ്', 'നിവേദ അൻപഴകൻ', 'സച്ചിൻ', 'സൂര്യ ബാൽ', 'വിജയ് ആദിത്യൻ' തുടങ്ങിയ എഴുത്തുകാരെല്ലാം യഥാർത്ഥത്തിൽ നിലവിലില്ലാത്ത വ്യാജ വ്യക്തികളാണെന്ന് കണ്ടെത്തി.

സ്കോട്ട്‌ലൻഡ് യാർഡ് പോലീസിനു പോലും കണ്ടെത്താനാകാത്ത ഇത്തരം 'പ്രേത എഴുത്തുകാരെ'യാണ് തട്ടിപ്പുകാർ സൃഷ്ടിച്ചതെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ.രാജമോഹൻ പരിഹസിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രെസ് എഴുതിയെന്ന പേരിൽ മധുര കലൈഞ്ജർ ലൈബ്രറിയിൽ സൂക്ഷിച്ച പുസ്തകം താൻ എഴുതിയതല്ലെന്ന് അദ്ദേഹം തന്നെ പരസ്യമായി വെളിപ്പെടുത്തിയതും, മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പേരിൽപ്പോലും വ്യാജ പുസ്തകങ്ങൾ സൃഷ്ടിക്കപ്പെട്ടതും തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.'ഇന്ത്യയിലെ ആദ്യത്തെ എഐ അഴിമതി' എന്നാണ് ടിവികെ ഭരിക്കുന്ന സംസ്ഥാന സർക്കാർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

വ്യാജ പ്രസാധക ശൃംഖലകളും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് നിർമ്മിച്ച മൂവായിരത്തോളം പുസ്തകങ്ങൾ കോയമ്പത്തൂരിൽ മാത്രം പിടിച്ചെടുത്ത് സീൽ ചെയ്തു എന്ന് സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈയിലെ കന്നിമാര ലൈബ്രറി, അണ്ണാ സെന്റിനറി ലൈബ്രറി എന്നിവിടങ്ങളിലും ഇത്തരം പുസ്തകങ്ങൾ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡിഎംകെ സർക്കാരിന്റെ കാലത്ത് 2023 മുതൽ 2025 വരെയുള്ള കാലയളവിൽ നൽകിയ പർച്ചേസ് ഓർഡറുകളുടെ മറവിലാണ് ഈ ക്രമക്കേടുകൾ നടന്നതെന്നാണ് നിലവിലെ ഭരണപക്ഷം ആരോപിക്കുന്നത്.

എന്നാൽ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഡിഎംകെയും ആവശ്യപ്പെട്ടു.അതേസമയം തട്ടിപ്പ് വ്യക്തമായിട്ടും കേസെടുക്കാൻ മടിച്ച വിജിലൻസ് നടപടിയെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി വ്യാജ വിവരങ്ങൾ അടങ്ങിയ ഇത്തരം പുസ്തകങ്ങൾ ലൈബ്രറികളിൽ എത്തിക്കുന്നത് ഭരണഘടനയിലെ പൗരന്മാർക്ക് കൃത്യമായ അറിവ് ലഭിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

Madras High Court Orders FIR Over "India's First AI Scam": Fake Books and Phantom Authors Flood Tamil Nadu Libraries
മദ്യത്തിലെ ആൽക്കഹോൾ അളവ് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ; ടാസ്മാക്കുകളിൽ ഗുണനിലവാര പരിശോധന