മുംബൈ: നഗരത്തിൽ ഡെലിവറി വാഹനത്തിൽ നിന്ന് ഇരുപത്തിയേഴ് എൽപിജി സിലിണ്ടറുകൾ മോഷണം പോയതായി റിപ്പോർട്ട്. കാണ്ടിവാലിയിലെ ചാർകോപ്പിലാണ് സംഭവമുണ്ടായത്. അഞ്ച് നിറച്ച സിലിണ്ടറുകളും ഇരുപത്തിരണ്ട് കാലി സിലിണ്ടറുകളുമാണ് മോഷണം പോയത്. സംഭവത്തിൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുള്ള ഊർജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുംബൈയിൽ ഇത്തരത്തിലരു മോഷണം നടക്കുന്നത്.
ഡെലിവറി ഏജന്റായ നന്ദകുമാർ രാംരാജിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മാർച്ച് 25ന് മോഷണം നടന്നത്. നന്ദകുമാർ രാംരാജിന്റെ വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് എൽപിജി ഗ്യസ് സിലിണ്ടറുകൾ മോഷ്ടിച്ചത്. വാഹനത്തിൻ്റെ ഗ്ലാസ് ഡോർ പൊട്ടിച്ചും പിൻഭാഗത്തെ പൂട്ട് തകർത്തുമാണ് സിലിണ്ടറുകൾ മോഷ്ടിച്ചതെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. വാഹനത്തിൽ നിന്ന് 27 പാചക വാതക സിലിണ്ടറുകൾ മോഷണം പോയിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം നിറച്ചതും 22 എണ്ണം കാലി സിലിണ്ടറുകളുമാണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ വാഹനത്തിനരികെ മോഷ്ടാക്കളും നിൽക്കുന്നതായി വ്യക്തമാണ്. അവരെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.