NATIONAL

നിപ ഭീതിയില്‍ ബംഗാള്‍, രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇരുവരും ഗുരുതരാവസ്ഥയില്‍

Author : കവിത രേണുക

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കല്യാണിയിലെ എയിംസില്‍ നിന്ന് പരിശോധിച്ച സാമ്പിളുകള്‍ പോസിറ്റീവ് ആയതിന് പിന്നാലെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. പൂനെയിലെ ഫലവും പോസിറ്റീവ് ആയതോടെ ആശുപത്രി കൂടുതൽ നടപടികളിലേക്ക് കടന്നു.

നിപ സ്ഥിരീകരിച്ച നഴ്‌സുമാര്‍ വെന്റിലേറ്റര്‍ പിന്തുണയിലാണുള്ളത്. ഇതില്‍ ഒരു നഴ്‌സ് കോമയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഴ്‌സുമാരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ബുര്‍ദ്വാനിലെ ആശുപത്രിയിലെ ഡോക്ടര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറെ കൂടുതല്‍ ചികിത്സയ്ക്കായി ബേലിയാഘട്ട ഐഡി ആശുപത്രിയിലേക്ക് മാറ്റി.

നഴ്സുമാരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 120 പേരെ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളും കുടുംബക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമടക്കമുള്ളവരെയാണ് കണ്ടെത്തിയത്. ഇവരെ ക്വാറന്‍റീൻ ചെയ്തേക്കും. എവിടെ നിന്നാണ് നഴ്‌സുമാര്‍ക്ക് നിപ സ്ഥിരീകരിച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. മരണ സംഖ്യ വളരെ കൂടുതലുള്ള രോഗമാണ് നിപ.

SCROLL FOR NEXT