കാംഗ്ര, കുളു എന്നിവിടങ്ങളിലുണ്ടായ മിന്നല്‍ പ്രളയം  Source: Screengrab / X
NATIONAL

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം; രണ്ട് മരണം, പത്തിലധികം പേരെ കാണാതായി

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ മനുനി അരുവിക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പത്തോളം പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കുളു ജില്ലയില്‍ 3 പേരെ കാണാതാവുകയും നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോ​ഗമിക്കുകയാണ്.

ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ പറഞ്ഞു. ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ധര്‍മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായത്. പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട കരാറുകാരനിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുളു ജില്ലയിലെ ബഞ്ചാര്‍, ഗഡ്സ, മണികരണ്‍, സൈഞ്ച് എന്നീ നാലിടങ്ങളിൽ മേഘവിസ്ഫോടനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുളുവിലെ ബഞ്ചാർ സബ് ഡിവിഷനിലെ - സൈഞ്ച് താഴ്‌വരയിലെ - മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് പേരെ കാണാതായി. മൂന്നിലധികം വീടുകള്‍ ഒലിച്ചുപോയി. മണാലി സബ് ഡിവിഷന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, ദേശീയ ദുരന്ത നിവാരണ സേനയും വ്യക്തമാക്കി.

SCROLL FOR NEXT