സിസ്റ്റർ വന്ദന ഫ്രാന്‍സിസ്, സിസ്റ്റർ പ്രീതി മേരി Source: News Malayalam 24x7
NATIONAL

കന്യാസ്ത്രീകളെ കാണാൻ യുഡിഎഫ് എംപിമാർക്ക് അനുമതിയില്ല; ലഭിച്ചത് ബിജെപിയുടെ അനൂപ് ആന്റണിക്ക് മാത്രം

ജയിലിലെത്തിയ കോൺഗ്രസ് പ്രതിനിധികളോട് ഇന്ന് അവസരമില്ല നാളെ വരണം എന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ്: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിക്കാനെത്തിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. എംപിമാർക്ക് 15 മിനിറ്റ് സമയം അനുവദിക്കുമെന്നാണ് നേരത്തെ ജയിൽ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ജയിലിലെത്തിയ കോൺഗ്രസ് പ്രതിനിധികളോട് ഇന്ന് അവസരമില്ല നാളെ വരണം എന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രതിനിധി സംഘത്തെയാണ് മടക്കി അയച്ചത്. അതേസമയം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് കന്യാസ്ത്രീകളെ കാണാൻ അനുമതി നൽകി.

നിഷേധാത്മക രാഷ്ട്രീയമാണ് കാണിക്കുന്നതെന്നും അനുമതി നൽകാത്തത് പ്രതിഷേധാർഹമെന്നും കോൺഗ്രസ് പ്രതിനിധി സംഘം പറഞ്ഞു. വിഷയം സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും സന്ദർശനത്തിന് അനുമതി ലഭിച്ചില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് അനൂപ് ആന്റണി ഇന്ന് ഛത്തീസ്ഗഡിലെത്തിയത്.

ഛത്തീസ്ഗഡിലെത്തിയ അനൂപ് ആന്റണി ഉപമുഖ്യമന്ത്രി വിജയ് ശർമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ ഉപമുഖ്യമന്ത്രി നിയമപരമായ സഹായം ഉറപ്പുനല്‍കിയതായും അനൂപ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്കെതിരെ ആദ്യമിട്ട എഫ്ഐആർ പ്രകാരം തന്നെയാണ് കേസെടുത്തത്. അന്വേഷണം പൂർത്തിയാക്കുമ്പോൾ എല്ലാ കാര്യങ്ങളും പുറത്തുവരും. ജാമ്യാപേക്ഷ പരിഗണനയ്ക്ക് വരുമ്പോൾ നീതിപൂർവമായ ഇടപെടൽ സർക്കാർ നടത്തും എന്ന ഉറപ്പ് ലഭിച്ചുവെന്നും അനൂപ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരിയില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂരില്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെണ്‍കുട്ടികള്‍ക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്ത് എത്തിയ റെയില്‍വേ പൊലീസ് അധികൃതർ ബജ്‌റംഗ്‌ദള്‍ പ്രവർത്തകരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. ഇവരും കന്യാസ്ത്രീകളെ ചോദ്യം ചെയ്തു. ഇവരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്.

SCROLL FOR NEXT