Source: Screengrab
NATIONAL

ഷീ മാർട്ട്സ്, ഗേൾസ് ഹോസ്റ്റൽ; ബജറ്റിൽ സ്ത്രീകൾക്കുള്ള പ്രഖ്യാപനങ്ങൾ

ബജറ്റിൽ വനിതകൾക്ക് പ്രധാനമായും രണ്ട് പ്രഖ്യാപനങ്ങളാണുള്ളത്...

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യം ഉറ്റുനോക്കിയ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. സ്ത്രീകൾ വായ്പാധിഷ്ഠിത ഉപജീവനമാർഗങ്ങളിൽ നിന്ന് സ്വയം സംരംഭകരായി മാറാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. എന്നാൽ, ബജറ്റിൽ വനിതകൾക്ക് പ്രധാനമായും രണ്ട് പ്രഖ്യാപനങ്ങളാണുള്ളത്.

- സ്ത്രീകൾക്ക് നഗരമേഖലകളില്‍ സംരംഭം ആരംഭിക്കാന്‍ 'ഷീ മാർട്ട്സ്' പ്രഖ്യാപിച്ചു. ലഖ്പതി ദീദി പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. ഷീ മാർട്ട്സ്, വനിതാ സംരംഭകരുടെ വിപണി പ്രവേശനവും ബ്രാൻഡിംഗും മെച്ചപ്പെടുത്തുമെന്നും, അതോടൊപ്പം താഴെത്തട്ടിൽ കൂടുതൽ സുസ്ഥിരമായ വരുമാന അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

- രാജ്യത്തെമ്പാടും പെൺകുട്ടികൾക്ക് ഹോസ്റ്റലുകൾ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ഗേൾസ് ഹോസ്റ്റലുകൾ സ്ഥാപിക്കും. ഉന്നത പഠനത്തിനുള്ള സൗകര്യങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എടുത്തുപറഞ്ഞായിരുന്നു പ്രഖ്യാപനം. സ്റ്റെം സ്ഥാപനങ്ങളിലെ വനിതാ വിദ്യാർഥികൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾ സീതാരാമൻ ചൂണ്ടിക്കാട്ടി. ദൈർഘ്യതയേറിയ പഠനവും ലബോറട്ടറി വർക്കുകളും പലപ്പോഴും സുരക്ഷിതമായ താമസ സൗകര്യം ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു പ്രഖ്യാപനം.

ഉന്നത പഠനം നടത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതവും പ്രാപ്യവുമായ താമസ സൗകര്യം ഒരുക്കുക എന്നതാണ് ഹോസ്റ്റലുകളുടെ ലക്ഷ്യം. ഇത് പ്രത്യേക ശാസ്ത്ര വിഷയങ്ങളിൽ പ്രവേശനം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

എന്താണ് ലഖ്പതി ദീദി പദ്ധതി ?

ഗ്രാമവികസന മന്ത്രാലയത്തിൻ്റെ കീഴിലെ ലഖ്പതി ദീദി പദ്ധതി, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളെ ചെറുകിട ബിസിനസുകൾ ആരംഭിക്കാനും പ്രതിവർഷം കുറഞ്ഞത് ഒരു ലക്ഷം രൂപ സ്ഥിരവരുമാനം നേടാനും സഹായിച്ചുകൊണ്ട് ഗ്രാമീണ സ്ത്രീകളെ പിന്തുണയ്ക്കാനാണ് ശ്രമിക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ, പ്ലംബിംഗ്, എൽഇഡി ബൾബുകൾ നിർമിക്കൽ, ഡ്രോണുകൾ ഉപയോഗിക്കുകയും നന്നാക്കുകയും ചെയ്യൽ തുടങ്ങിയ സ്കില്ലുകൾ സ്ത്രീകളെ പഠിപ്പിക്കുകയും ചെയ്യുന്നു.

SCROLL FOR NEXT