NATIONAL

സിനിമകളും ഒടിടി ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നു; ടെലഗ്രാമിന് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

നടപടികൾ ഉൾക്കൊള്ളിച്ച റിപ്പോർട്ട് പതിനഞ്ചു ദിവസത്തിനകം സമർപ്പിക്കാനും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. ഒടിടി പ്ലാറ്റുഫോമുകളിലെയും സിനിമകളിലെയും ഉള്ളടക്കം അനധികൃതമായി പ്രചരിപ്പിക്കുന്നതിലാണ് നടപടി. ഇത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യാനും കൈകൊണ്ട നടപടികൾ ഉൾക്കൊള്ളിച്ച റിപ്പോർട്ട് പതിനഞ്ചു ദിവസത്തിനകം സമർപ്പിക്കാനും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു. ഇന്നാണ് മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് നൽകിയത്.

പകർപ്പവകാശം ലംഘിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്താനും, റിപ്പോർട്ട് ചെയ്യാനും നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും മന്ത്രാലയം ടെലഗ്രാമിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സിനിമാ വ്യവസായം, ഓടിടി പ്ലാറ്റ്ഫോമുകൾ, നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ തുടങ്ങിയവരെ സംരക്ഷിക്കുന്നതിനാണ് കേന്ദ്രത്തിന്റെ നടപടി.

ആവർത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്‌ട്രേറ്റർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും ടെലഗ്രാമിന് നിർദേശം നൽകിയിട്ടുണ്ട്. പകർപ്പവകാശമുള്ള ഉള്ളടക്കം ഉൾക്കൊള്ളുന്ന 3,000ൽ അധികം ടെലഗ്രാം ചാനലുകൾക്കെതിരെ നേരത്തെ സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമങ്ങൾ പാലിക്കേണ്ട സ്ഥാപനം എന്ന നിലയിൽ, ആവശ്യമായ ശ്രദ്ധയും ജാഗ്രതയും ടെലഗ്രാം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

SCROLL FOR NEXT