അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള? ആരോപണവുമായി ഭൈരവ് സേന

ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി അറിയിച്ചു
അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള? ആരോപണവുമായി ഭൈരവ് സേന
Published on
Updated on

ചമോലി: അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവനകൊള്ള ആരോപണം. ഭക്തർ നല്‍കിയ സംഭാവനയില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്. ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി അറിയിച്ചു. ആരോപണത്തിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാൽ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമായി തന്നെയാണ് ക്ഷേത്ര സമിതി എടുത്തിരിക്കുന്നത്. വിഷയം അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ക്ഷേത്ര സമിതി ഹേമന്ത് ദ്വിവേദി പറഞ്ഞു. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണങ്ങൾ തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള? ആരോപണവുമായി ഭൈരവ് സേന
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതിദിനം ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ തട്ടിയെന്ന സംശയവുമായി പൊലീസ്

അന്വേഷണം പൂർത്തിയായ ശേഷം, ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, നിയമങ്ങൾ അനുസരിച്ച് കർശനമായ നടപടി സ്വീകരിക്കുമെന്നും ഹേമന്ത് ദ്വിവേദി കൂട്ടിച്ചേർത്തു. ആരോപണങ്ങളെ തുടർന്ന് ബദരീനാഥ് ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി ക്ഷേത്ര കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിങ് രംഗദ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചെയർമാനെ അറിയിച്ചിട്ടുണ്ടെന്നും ചെയർമാന്റെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

അന്വേഷണ കമ്മിറ്റി രൂപീകരിച്ചുകഴിഞ്ഞാൽ, എല്ലാ വസ്തുതകളുടെയും ലഭ്യമായ തെളിവുകളുടെയും ബന്ധപ്പെട്ട കക്ഷികളുടെ പ്രസ്താവനകളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, 1939 ലെ ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ആക്ട്, പ്രകാരം വകുപ്പുതല നടപടികള്‍ സ്വീകരിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ, അടിസ്ഥാനരഹിതമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നും സോഹന്‍ സിങ് രംഗദ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com