ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. സ്‌ഫോടനത്തിന്റെ എല്ലാ തലങ്ങളും പരിശോധിക്കുമെന്നും നിലവില്‍ കാരണമെന്താണെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്നും പ്രദേശത്ത് നിന്നും കണ്ടെടുത്ത ചില വസ്തുക്കള്‍ പരിശോധിച്ച് വരികയാണെന്നും അമിത് ഷാ പറഞ്ഞു.
'സംഭവത്തിന്റെ എല്ലാ തലങ്ങളും പരിശോധിച്ച് വരികയാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത സാമ്പിളുകള്‍ എഫ്എസ്എല്ലും എന്‍എസ്ജിയും പരിശോധിക്കുന്നത് വരെ അപകടത്തിന് പിന്നിലെ കാരണമെന്താണെന്ന് പറയാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഒരു തലവും മാറ്റി നിര്‍ത്തില്ല', അമിത് ഷാ പറഞ്ഞു.
സ്‌ഫോടനം നടന്ന സ്ഥലം അമിത് ഷാ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. യോഗത്തിന് ശേഷം അമിത് ഷാ ആശുപത്രി സന്ദര്‍ശിക്കുകയും പരിക്കേറ്റവരെ കാണുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുമാണ് മോദി എക്‌സില്‍ കുറിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മോദി പറഞ്ഞു.
സ്‌ഫോടനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
'സ്‌ഫോടന വാര്‍ത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണ്. നിരവധി നിഷ്‌കളങ്കരായ മനുഷ്യര്‍ മരിച്ചെന്നത് ഏറെ ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം ചേരുന്നു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ എല്ലാവരും ഉടന്‍ മുക്തരാകട്ടെ,' രാഹുല്‍ ഗാന്ധി പറഞ്ഞു.
ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപമാണ് വന്‍ സ്‌ഫോടനം നടന്നത്. ലാല്‍കില മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 24 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
സ്‌ഫോടനത്തിന് പിന്നാലെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സാവധാനം നീങ്ങിക്കൊണ്ടിരുന്ന വാഹനമാണ് സിഗ്നലില്‍ നില്‍ക്കവെ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. അതേസമയം തീവ്രവാദി ആക്രമണമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.