വിമാനാപകടത്തിൻ്റെ ദൃശ്യങ്ങൾ Source: x/ Narendra Modi
NATIONAL

അഹമ്മദാബാദ് വിമാനാപകടം അട്ടിമറി ശ്രമമോ? വിഷയം അന്വേഷണപരിധിയിലെന്ന് കേന്ദ്രമന്ത്രി

എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അട്ടിമറി സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി മുരളീധർ മോഹോൾ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ് വിമാനാപകടം അട്ടിമറി ശ്രമം സംശയിക്കുന്നതായി സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. വിഷയം അന്വേഷണപരിധിയിലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അട്ടിമറി സംബന്ധിച്ച് അന്വേഷിക്കും. ബ്ലാക്ക് ബോക്‌സ് എഎഐബി പരിശോധിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

"വിമാനാപകടം ഒരു ദൗർഭാഗ്യകരമായ സംഭവമായിരുന്നു. എഎഐബി ഇതിനെക്കുറിച്ച് പൂർണ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാ കോണുകളും വിലയിരുത്തിവരികയാണ്. നിരവധി ഏജൻസികൾ ഇതിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്", കേന്ദ്രമന്ത്രി പറഞ്ഞു.

എയർ ഇന്ത്യ വിമാനാപകടത്തിന് തൊട്ടുപിന്നാലെ യാത്രക്കാർക്ക് വിമാനയാത്രയെക്കുറിച്ച് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഡിജിസിഎയുടെ ഉത്തരവനുസരിച്ച് 33 ഡ്രീംലൈനറുകളും പരിശോധിച്ചിട്ടുണ്ട്. എല്ലാം സുരക്ഷിതമാണെന്ന് കണ്ടെത്തി. അതുകൊണ്ടാണ് ഇത് ഒരു അപൂർവ അപകടമാണെന്ന് ഞാൻ പറഞ്ഞത്. എന്നാൽ ആളുകൾ ഇപ്പോൾ ഭയപ്പെടുന്നില്ല, സുഖമായി യാത്ര ചെയ്യുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 12നാണ് രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണത്. പറന്നുപൊങ്ങി ഒരു മിനിറ്റ് പിന്നിട്ടപ്പോൾ വിമാനത്തിൽ നിന്ന് അത്യന്തം അപകടകരമായ സാഹചര്യത്തിൽ പൈലറ്റിൻ്റെ മേയ് ഡേ സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ കിട്ടി. എയർ ട്രാഫിക് കൺട്രോൾ തിരിക പൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

ഏതാണ്ട് 645 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് കൂപ്പുകുത്തിയത്. അഹമ്മദാബാദ് നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മീതെ മെസ് ഹാൾ തകർത്തുകൊണ്ടാണ് വിമാനം ഇടിച്ചിറങ്ങിയത്.

242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്.യാത്രക്കാരിൽ 169 ഇന്ത്യക്കാര്‍, ബ്രിട്ടിഷ് പൗരന്മാർ 53,പോര്‍ച്ചുഗീസ് പൗരന്മാർ 7, ഒരു കനേഡിയൻ പൗരൻ എന്നിവരുൾപ്പെടുന്നു. ഒരാളാണ് വിമാന അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്. എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.

SCROLL FOR NEXT