
എയര്‍ ഇന്ത്യ അപകട അന്വേഷണത്തില്‍ വഴിത്തിരിവ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. ബ്ലാക്ക് ബോക്‌സില്‍ നിന്ന് ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂളും മെമ്മറി മൊഡ്യൂളും സുരക്ഷിതമായി വീണ്ടെടുക്കാനായി.
അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ഡല്‍ഹി AAIB ലാബിലാണ് പരിശോധന നടക്കുന്നത്. CVR, FDR ഡാറ്റകളുടെ വിശകലനം നടക്കുന്നുവെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍), കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ (സിവിആര്‍) എന്നിവ അടങ്ങുന്നതാണ് ബ്ലാക്ക് ബോക്‌സ്. ഇത് പരിശോധിക്കുന്നതിലൂടെയാണ് വിമാന അപകടത്തിന്റെ യഥാര്‍ത്ഥ കാരണത്തെ കുറിച്ചുള്ള സൂചന ലഭിക്കുക. എയര്‍ ഇന്ത്യ അപകടത്തില്‍ ബ്ലാക്ക് ബോക്‌സ് വിദേശത്ത് അയച്ച് പരിശോധന നടത്തുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു.
അഹമ്മദാബാദില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സുകളില്‍ ഒരെണ്ണം വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ റൂഫ് ടോപ്പില്‍ നിന്നും മറ്റൊന്ന് അപകടത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബ്ലാക്‌ബോക്‌സുകള്‍ കണ്ടെത്തിയത്. ഡല്‍ഹി AAIB ലാബില്‍ നിന്നും ബുധനാഴ്ചയോടെ ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്തു.
CVR ഡാറ്റ കോക്ക്പിറ്റ് സംഭാഷണങ്ങള്‍, ക്രൂ പ്രതികരണങ്ങള്‍, ആംബിയന്റ് ശബ്ദങ്ങള്‍ എന്നിവയില്‍ വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം FDR വിമാനത്തിന്റെ ഉയരം, വായുവേഗത, ഫ്‌ലൈറ്റ് നിയന്ത്രണ ഇന്‍പുട്ടുകള്‍, എഞ്ചിന്‍ പ്രകടനം തുടങ്ങിയ പാരാമീറ്ററുകള്‍ അടങ്ങിയിരിക്കുന്നു. ഈ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്. 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.