ന്യൂഡൽഹി: ഉന്നാവോ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം. പീഡനക്കേസിലെ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിൻ്റെ ജീവപര്യന്തം കഠിന തടവ് ശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേലിൻ്റെ നേതൃത്വത്തിലാണ് പീഡിപ്പിക്കപ്പെട്ട മുഴുവൻ സ്ത്രീകൾക്കും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം. പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
സുപ്രീം കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയും അമ്മയും കഴിഞ്ഞ ദിവസം കൈയേറ്റം ചെയ്യപ്പെട്ടിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കവേ ഓടുന്ന ബസിൽ നിന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ തള്ളിയിട്ടതായും അതിജീവിതയുടെ അമ്മ ആരോപിച്ചിരുന്നു. നീതിക്കായി സുപ്രീം കോടതിയിലും പോകാൻ തയ്യാറാണെന്നും അതിജീവിതയുടെ അമ്മ വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സിബിഐയും സുപ്രീം കോടതിയെ സമീപിച്ചു. അടിയന്തരമായി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐയുടെ വാദം.
2017ലാണ് ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ബലാത്സംഗത്തിനിരയാക്കിയത്. കേസിൽ ഇയാൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. ഡൽഹിയിൽ തുടരണമെന്നും അതിജീവിതയുടെ വീടിന് 5 കിലോമീറ്റർ ചുറ്റളവിൽ പോവുകയോ അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധികളോടെയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.