

ബിഹാറിലെ റോഹ്താസിൽ പുതുതായി നിർമിച്ച റോപ് വേ പരീക്ഷണയോട്ടത്തിനിടെ തകർന്നു വീണു. റോഹ്താസ്ഗഡ് കോട്ടയെയും രോഹിതേശ്വർ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ് വേ ആണ് പുതുവത്സര ദിനത്തിൽ ഉദ്ഘാടനം ചെയ്യാനിരിക്കെ തകർന്നുവീണത്.
അപകടത്തിൽ ആളപായമില്ല.13 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോപ് വേ പദ്ധതിക്ക് 2019ലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടത്. നാല് റോപ് വേ കാബിനുകളും അതിൻ്റെ സപ്പോർട്ടിംഗ് പില്ലറുകളുമാണ് തകർന്നു വീണത്. അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന ടെക്നീഷ്യന്മാർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ബിഹാർ രാജ്യ പുൽ നിർമാൺ നിഗം ലിമിറ്റഡ് ഡയറകട്റുടെ നിർദേശ പ്രകാരം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചെയർമാൻ്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയോട് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 31നകം നിർമാണം പൂർത്തീകരിക്കാനിരിക്കവേയായിരുന്നു അപകടം.
റോപ് വേ അപകടം പ്രദേശവാസികളിലും പരിഭ്രാന്തി സൃഷ്ടിക്കാൻ കാരണമായി.അപകടത്തെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും നിർമാണ ഗുണനിലവാരത്തെ കുറിച്ചും ആളുകൾ ചോദ്യമുയർത്തി.പദ്ധതി മേൽനോട്ടത്തിനായി മുതിർന്ന ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
2025 ജനുവരിയിലും സമാനമായ അപകടം നടന്നിരുന്നു. ബിഹാറിനേയും ജാർഖണ്ഡിനേയും ബന്ധിപ്പിക്കുന്ന സോൻ നദിക്ക് കുറുകെയുള്ള പാലത്തിൻ്റെ തൂണുകളും ഇത്തരത്തിൽ തകർന്നിരുന്നു. അപകടത്തെ തുടർന്ന് പിന്നീട് പാലത്തിൻ്റെ പണി നിർത്തിവച്ചിരുന്നു.