NATIONAL

ഉന്നാവോ ബലാത്സംഗ കേസ്: അതിജീവിതയുടേയും മാതാവിൻ്റേയും വാർത്താസമ്മേളനം തടഞ്ഞ് സിആർപിഎഫ് ഉദ്യോഗസ്ഥർ; ഓടുന്ന ബസിൽ വച്ച് അമ്മയെ കയ്യേറ്റം ചെയ്തു

വയോധികയായ അമ്മയെ ഓടുന്ന ബസിൽ നിന്ന് ചാടാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായും കയ്യേറ്റം ചെയ്തതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവുശിക്ഷ താൽക്കാലികമായി റദ്ദാക്കിയതിനെതിരെ ഡൽഹിയിൽ പരസ്യ പ്രതിഷേധത്തിനെത്തിയ അതിജീവിതയുടേയും മാതാവിൻ്റേയും വാർത്താസമ്മേളനം തടഞ്ഞ് സിആർപിഎഫ് ഉദ്യോഗസ്ഥർ. വയോധികയായ അമ്മയെ ഓടുന്ന ബസിൽ നിന്ന് ചാടാനും ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കുന്നത് വരെയാണ് ശിക്ഷ താൽക്കാലികമായി നിർത്തിവച്ചത്.

മകളെ ബലാത്സംഗം ചെയ്തതിന് കുറ്റവാളിയെന്ന് കണ്ട് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎയെ കോടതി ജയിൽ മോചിതനാക്കുന്നതിന് എതിരെയാണ് അമ്മയും മറ്റു ആക്ടിവിസ്റ്റുകളും പ്രതിഷേധിക്കാനെത്തിയത്. ഇന്നലെ രാത്രി ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച അതിജീവിതയുടെ അമ്മയേയും ആക്ടിവിസ്റ്റ് യോഗിത ഭയാനയേയും സിആർപിഎഫ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അതിജീവിതയും അമ്മയും ഇന്ന് മാണ്ഡി ഹൗസിൽ വച്ച് മാധ്യമങ്ങളെ കാണാൻ ഒരുങ്ങിയത്.

എന്നാൽ സിആർപിഎഫ് സുരക്ഷയൊരുക്കിയ ബസ് മാണ്ഡി ഹൗസിന് മുന്നിൽ നിർത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറായില്ല. അതിജീവിതയ്ക്കോ മാതാവിനോ മാണ്ഡിയിലോ ഇന്ത്യാ ഗേറ്റിലോ പ്രതിഷേധിക്കാൻ അനുമതി നൽകാനാകില്ലെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബസിൻ്റെ പടിയിൽ നിന്നിരുന്ന മാതാവിനെ കൈമുട്ട് തള്ളുകയും ബസിൽ നിന്ന് ചാടാൻ പ്രേരിപ്പിക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥരൊന്നും ഈ ബസിൽ ഉണ്ടായിരുന്നില്ല. അതിജീവിതയും ഈ ബസിനകത്ത് ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ തള്ളലിനൊടുവിൽ യുവതിയുടെ അമ്മ ബസ്സിൽ നിന്നും ഓടുന്ന ബസ്സിൽ നിന്നും താഴേക്ക് ചാടുകയുണ്ടായി. എന്നിട്ടും സിആർപിഎഫുകാർ ബസ് നിർത്താതെ അതിജീവിതയേയും കൊണ്ട് മുന്നോട്ട് പോവുകയായിരുന്നു.

തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും ഇങ്ങനെ പോയാൽ ഉടനെ ജീവൻ ത്യജിക്കേണ്ടി വരുമെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. " പ്രതിഷേധിക്കാൻ ഞങ്ങൾ മാണ്ഡി ഹൗസിലേക്ക് പോവുകയായിരുന്നു. എന്നാൽ സിആർപിഎഫ് ഉദ്യോഗസ്ഥർ എൻ്റെ മകളെ ബന്ദിയാക്കിയിരിക്കുന്നു. അവർ ഞങ്ങളെ കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് തോന്നുന്നു. അവർ എന്നെ റോഡിൽ ഉപേക്ഷിച്ച ശേഷം മകളെ പിടിച്ചുകൊണ്ടുപോയി. ഞങ്ങൾ ജീവൻ ത്യജിക്കും. ഞങ്ങൾ പ്രതിഷേധിക്കാൻ പോവുകയായിരുന്നു," അതിജീവിതയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. മാഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്ന് കുടുംബം 2017 ജൂണ്‍ നാലിനാണ് ആദ്യം പരാതി നൽകിയത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിൻ്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി പിന്നീട് പരാതി നല്‍കി. സെന്‍ഗാറിനെതിരെ കേസെടുക്കാതിരുന്ന പൊലീസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാനും ശ്രമിച്ചു.

കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ ചേർന്ന് മര്‍ദിച്ചു. കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വീടിന് മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസമാണ് പിതാവ് പൊലീസ് കസ്റ്റഡിയില്‍ വച്ച് മരിച്ചത്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പിതാവിൻ്റെ കസ്റ്റഡി മരണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ സെന്‍ഗാര്‍ സമര്‍പ്പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ എംഎൽഎയ്ക്ക് 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ആരോപണവിധേയനായ സെന്‍ഗാറിനെ ബിജെപി പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

SCROLL FOR NEXT