NATIONAL

"ഞാൻ മോദിയുടെ ബിഗ് ഫാൻ": ഡല്‍ഹിയിലെ തത്സമയ പരിപാടിയില്‍ ട്രംപിന്റെ ഫോണ്‍ കോള്‍

ഇന്ത്യയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നൂറ് ശതമാനം ഒപ്പമുണ്ടാകുമെന്നും ട്രംപ്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പങ്കെടുത്ത ഡല്‍ഹിയിലെ ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത ഫോണ്‍ കോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്നും ഇന്ത്യയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നൂറ് ശതമാനം ഒപ്പമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോറിന്റെ ഫോണിലേക്കാണ് ട്രംപിന്റെ കോള്‍ എത്തിയത്. രാജ്യത്തിന്റെ പ്രതിനിധിയായിരിക്കണമെന്ന് സെര്‍ജിയോയോട് പറഞ്ഞതിനു ശേഷം എല്ലാവരോടും ഹലോ പറഞ്ഞായിരുന്നു ട്രംപ് തുടങ്ങിയത്.

"പ്രധാനമന്ത്രിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോദി മികച്ച നേതാവാണ്. അദ്ദേഹം എന്റെ സുഹൃത്തുമാണ്". എന്നായിരുന്നു ട്രംപ് പറഞ്ഞത്. പരിപാടിയിലെ വലിയ സ്‌ക്രീനിന് മുന്നില്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നില്‍ക്കെയാണ് ട്രംപിന്റെ വാക്കുകള്‍. വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനായി ട്രംപിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക ക്ഷണം സെര്‍ജിയോ കഴിഞ്ഞ ദിവസം മോദിക്ക് കൈമാറിയിരുന്നു.

ഇന്ത്യക്ക് തന്നേയും തന്റെ രാജ്യത്തിനേയും നൂറ് ശതമാനം വിശ്വസിക്കാം, എന്ത് സഹായം വേണമെങ്കിലും ആവശ്യപ്പെടാം. ഇന്ത്യക്ക് എന്ത് വേണമെങ്കിലും ലഭിക്കും, എന്നൊക്കെയാണ് ട്രംപിന്റെ വാഗ്ദാനം. യുഎസിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാനും, വിദേശത്തിരുന്ന് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാനും ആവശ്യപ്പെടുന്ന പുതിയ ഇമിഗ്രേഷന്‍ നയം ആശങ്കകള്‍ സൃഷ്ടിക്കുന്നതിനിടയിലാണ് ട്രംപിന്റെ വാഗ്ദാനം.

മാര്‍ക്കോ റൂബിയോ യുഎസ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌റ്റേറ്റ് സെക്രട്ടറി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോയും റൂബിയോയും ചേരുമ്പോള്‍ വലിയ നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെത്തിയ മാര്‍ക്കോ റൂബിയോയുമായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധം, വ്യാപാരം, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ധാരണയായിരുന്നു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമാകുന്ന വ്യാപാര കരാര്‍ ഉടന്‍ തന്നെ അന്തിമ ഘട്ടത്തിലേക്ക് കടക്കുമെന്നും റൂബിയോ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT