ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയർന്നു. അപകടത്തിൽ ഇതുവരെ മരിച്ചത് ആറു പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. 190 പേരെ രക്ഷപ്പെടുത്താനായെന്ന് സർക്കാർ അറിയിച്ചു. എന്നാൽ നൂറിലധികം പേരെ കാണാതായെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. കാണാതായവരിൽ ഏഴ് സൈനികരും 40 തൊഴിലാളികളുമുണ്ടെന്ന് സൈന്യം അറിയിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. മേഘവിസ്ഫോടനമല്ല മിന്നൽ പ്രളയമാണുണ്ടായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കാണാതായവർക്കുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് പ്രതികൂല കാലാവസ്ഥയും തുടരെയുള്ള മഴയും വെല്ലുവിളിയാകുന്നുണ്ട്. ഉത്തരകാശി - ഗംഗോത്രി ദേശീയപാതയിൽ 16 സ്ഥലത്താണ് റോഡ് പൂർണ്ണമായും ഇടിഞ്ഞു തകർന്നത്. ഒരു പാലം ഒഴുകിപ്പോയി. ഇതോടെ ഗംഗോത്രി അടക്കമുള്ള 16 ഗ്രാമങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. താത്കാലിക പാലം നിർമ്മിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ദുരന്തത്തെത്തുടർന്ന് ധാരാലിയിൽ കുടുങ്ങിയവരെ വ്യോമസേനയുടെ സഹായത്തോടെ എയർ ലിഫ്റ്റ് ചെയ്യുന്നത് ഇന്നും തുടരുകയാണ്.
ദുരന്തത്തിൽ രണ്ട് സൈനിക ക്യാമ്പുകൾ പൂർണ്ണമായും തകർന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആശുപത്രിയിൽ സന്ദർശിച്ചു. മേഘവിസ്ഫോടനം ആണ് പ്രളയത്തിന് കാരണം എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഗംഗോത്രി ഗ്ലേസിയറിലെ മൂന്നാം നമ്പർ മഞ്ഞുമല ഇടിഞ്ഞു താഴെക്ക് പതിച്ചതാണ് കാരണം വിദഗ്ധർ അഭിപ്രായപ്പെട്ടു. വടക്കൻ ധരാലിക്ക് മുകളിലുള്ള രണ്ട് മഞ്ഞ് തടാകങ്ങളും താഴെക്ക് കുത്തി ഒലിച്ചതോടെ 10 ലക്ഷം ടിഎംസി വെള്ളമാണ് ഒലിച്ചെത്തിയതെന്നും വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ.
ഉത്തരേന്ത്യയിൽ മഴക്കാലം ശക്തമായി തുടരുകയാണ്. യമുനാ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡൽഹിയിൽ അടുത്ത 72 മണിക്കൂർ സമയത്തേക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുപിയിൽ നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിലാണ്. ബിഹാറിലും സമാനമായ സ്ഥിതിയാണ് റിപ്പോർട്ട് ചെയ്യുന്നത്.