NATIONAL

ദീപാവലി ബോണസ് നല്‍കിയില്ല, ടോള്‍ പിരിക്കാതെ വാഹനങ്ങള്‍ കടത്തിവിട്ട് ജീവനക്കാരുടെ പ്രതികാരം

ആയിരക്കണക്കിന് വാഹനങ്ങളാണ് ടോള്‍ അടയ്ക്കാതെ കടന്നുപോയത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലിക്ക് കമ്പനി ബോണസ് നല്‍കാത്തില്‍ പ്രതിഷേധിച്ച് ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ ടോള്‍ പിരിക്കാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍ പ്ലാസ ജീവനക്കാര്‍. ഫത്തേബാദ് ടോള്‍ പ്ലാസയിലെ 21 ജീവനക്കാരാണ് 1,100 രൂപ മാത്രം ദീപാവലി ബോണസ് ലഭിച്ചതില്‍ പ്രതിഷേധിച്ച് പ്രതികാരന നടപടിയുമായി എത്തിയത്. ആയിരക്കണക്കിന് വാഹനങ്ങളാണ് ടോള്‍ അടയ്ക്കാതെ കടന്നുപോയത്. ഇതിലൂടെ വലിയ നഷ്ടമാണ് കേന്ദ്രത്തിന് ഉണ്ടായത്.

ശ്രീ സൈന്‍ ആന്‍ഡ് ദത്തര്‍ എന്ന കമ്പനിയാണ് ഫത്തേഹാബാദ് പ്ലാസയുടെ നടത്തിപ്പുകാര്‍. ബോണസ് ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍, ഞായറാഴ്ച രാത്രി ടോള്‍ ബൂത്തിലെ ബൂം ബാരിയര്‍ ഉയര്‍ത്തിവെച്ച് സമരത്തിനിറങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട സമരം ബോണസ് നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് പിന്‍വലിക്കപ്പെട്ടത്.

ഒരു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണെന്നും എന്നാല്‍ ഇതുവരെയായിട്ടും ഒരു ബോണസും ലഭിച്ചിട്ടില്ലെന്നും ടോള്‍ പ്ലാസ ജീവനക്കാരന്‍ പറഞ്ഞു. ഒരുപാട് കഷ്ടപ്പെടുന്നുണ്ടെങ്കിലും ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു. ജീവനക്കാരെ മാറ്റിയാലും ബോണസ് നല്‍കില്ലെന്നാണ് കമ്പനി പറയുന്നതെന്നും ജീവനക്കാരന്‍ പ്രതികരിച്ചു.

SCROLL FOR NEXT