ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതോടെ വെട്ടിലായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് വന്ദേ മാതരം പൂര്‍ണമായി ആലപിക്കപ്പെട്ടത്. ആലാപനത്തിനിടെ നിർത്താൻ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ആലാപനം തുടരുകയായിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. വന്ദേ മാതരം പൂര്‍ണമായി ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസിനുണ്ടായ വീഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിട്ടുണ്ട്.
എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു വന്ദേ മാതരം ആലാപനം. സാധാരണ ഗാനത്തിന്റെ രണ്ട് ചരണങ്ങള്‍ മാത്രമാണ് ആലപിക്കാറുള്ളത്. എന്നാല്‍ ആലാപനം തുടരുന്നതു കണ്ടപ്പോള്‍, സോണിയയും ഖാര്‍ഗെയും നിര്‍ത്താന്‍ ആംഗ്യം കാണിച്ചു. സോണിയ 'സ്റ്റോപ്പ്' എന്ന് പറയുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന രാഹുലും അതൃപ്തി പ്രകടിപ്പിക്കുന്നത് കാണാനായി. പക്ഷേ ആലാപനം തുടര്‍ന്നു. ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും, കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും പോയിരുന്നു.
വന്ദേ മാതരം പൂര്‍ണമായി ആലപിക്കപ്പെടണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. കോണ്‍ഗ്രസ് ഭരണകാലത്തെ രാഷ്ട്രീയ പ്രീണനം കാരണം ഗാനം ചുരുക്കപ്പെട്ടതാണെന്നാണ് ബിജെപിയുടെയും സംഘ പരിവാറിന്റെയും വാദം. എന്നാല്‍, വന്ദേ മാതരത്തെ ആദരവോടെ കാണുന്നുണ്ടെങ്കിലും, ദേശസ്നേഹം നിര്‍ബന്ധപൂര്‍വം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. 1937 മുതൽ ഇതേ നിലപാട് പിന്തുടരുന്ന കോൺഗ്രസിന് ഇക്കുറി പാര്‍ട്ടി ആസ്ഥാനത്തുതന്നെ തിരിച്ചടി സംഭവിക്കുകയായിരുന്നു.