കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി 
NATIONAL

'വന്ദേമാതരം' ചര്‍ച്ച ചെയ്യുന്നത് ബംഗാള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; മോദി നെഹ്‌റുവിന്റെ പേര് പരാമര്‍ശിക്കുന്നത് മനപൂര്‍വ്വം: പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി മനഃപൂര്‍വം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പരാമര്‍ശിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി മോദി അടക്കമുള്ള ഭരണകക്ഷികളുടെ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി എംപി. വരാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ചര്‍ച്ച പോലും നടത്തുന്നതെന്നും പ്രധാനമന്ത്രി മനഃപൂര്‍വം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പരാമര്‍ശിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

'വന്ദേമാതരത്തിന് മേല്‍ എന്തിനാണ് ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നത്? രാജ്യത്ത് ഇത്രയും സജീവമായി നില്‍ക്കുന്ന ഗാനമാണ്. അതിനുമേല്‍ ഇങ്ങനെ ഒരു ചര്‍ച്ച നടത്തുന്നതിന്റെ ഒരു സാഹചര്യം പോലും നിലവില്‍ ഇല്ല,' പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഈ ചര്‍ച്ച നടത്തുന്നത് ബംഗാള്‍ തെരഞ്ഞെടുപ്പ് അടുക്കുകയാണ് എന്നതുകൊണ്ടാണ്. സര്‍ക്കാര്‍ ഭൂതകാലം കുഴിച്ചുകൊണ്ടിരിക്കുന്നത് ഇന്നിനെയും ഭാവിയെയും നോക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് എന്നും മോദി വിഷയത്തെ വളച്ചൊടിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെഹ്‌റു വന്ദേമാതരത്തിലെ ചില വരികള്‍ ഒഴിവാക്കിയെന്നാണ് ബിജെപി നാളുകളായി ആരോപിക്കുന്നത്. ഇതു തന്നെ ഇന്ന് മോദിയും ലോക്‌സഭയില്‍ ഉന്നയിച്ചു. വന്ദേമാതരത്തിലെ വരികള്‍ മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് മുഹമ്മദലി ജിന്ന വിശ്വസിച്ചിരുന്നു. ഇതനുസരിച്ച് നെഹ്‌റു വിട്ടുവീഴ്ച ചെയ്‌തെന്നുമാണ് മോദി പറഞ്ഞത്.

മുസ്ലീം ലീഗിന്റെ വാദങ്ങളെ അപലപിക്കാതെ നെഹ്‌റു വന്ദേമാതരം സംബന്ധിച്ച വിഷയത്തില്‍ ജിന്നയെ പിന്തുണച്ചുകൊണ്ട് നേതാജി സുഭാഷ് ചന്ദ്രബോസിന് കത്തയക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

'നമുക്ക് 1947ല്‍ സ്വാതന്ത്ര്യം നേടി തന്നതും വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നമ്മള്‍. 1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ ഈ ഗാനമാണ് രാജ്യമൊട്ടാകെയുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നത,' മോദി പറഞ്ഞു.

അടുത്തിടെ നമ്മള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം ആഘോഷിച്ചു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെയും മിര്‍സാ മുണ്ടയുടെയും 150ാം ജന്മവാര്‍ഷികവും ആഘോഷിച്ചു. ഗുരു തേഗ് ബഹദൂറിന്റെ 350ാം രക്തസാക്ഷി ദിനവും ആഘോഷിച്ചു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം ഇപ്പോള്‍ നമ്മള്‍ ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു.

വന്ദേമാതരത്തില്‍ നിന്ന് ഹിന്ദു ദൈവങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന വരികള്‍ ഒഴിവാക്കിയെന്നാണ് ബിജെപി നിരന്തരം ആരോപിക്കുന്നത്. ദുര്‍ഗ, കമല, സരസ്വതി എന്നീ ദേവികളുടെ വരികള്‍ ഒഴിവാക്കിയത് മുഹമ്മദലി ജിന്നയ്ക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്തുകൊണ്ടാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

വന്ദേമാതരം ഓരോ ഇന്ത്യക്കാരനും വൈകാരികവും ദേശസ്‌നേഹവുമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിനാണ്. അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും പാര്‍ട്ടിയുടെയും കൂട്ടായ പരിശ്രമവും തീരുമാനവുമാണെന്നും എംപിയായ ജെബി മേത്തര്‍ പറഞ്ഞു. എത്ര ശ്രമിച്ചാലും നെഹ്‌റുവിന്റെ സംഭാവനകള്‍ക്ക് മേല്‍ കരിവാരിത്തേക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി പറഞ്ഞു.

SCROLL FOR NEXT