

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലോക്‌സഭയിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഹമ്മദലി ജിന്നയ്ക്കായി നെഹ്‌റു വേന്ദേമാതരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്നാണ് മോദിയുടെ ആരോപണം.
വന്ദേമാതരത്തില്‍ മുസ്ലീങ്ങള്‍ക്കെതിരായ വരികളുണ്ടെന്ന് പറഞ്ഞ മുഹമ്മദലി ജിന്നയെ നെഹ്‌റു പിന്തുണച്ചു. വന്ദേമാതരത്തില്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വരികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നെഹ്‌റു ഒരിക്കല്‍ സുഭാഷ് ചന്ദ്രബോസിന് കത്തയച്ചുവെന്നുമാണ് മോദി പറഞ്ഞത്.
ഗാന്ധിജി വന്ദേമാതരത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോയത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായ നിലപാടാണ് നെഹ്‌റു സ്വീകരിച്ചത്.
വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ അടിയന്തരാവസ്ഥയില്‍ കുടുങ്ങി കിടക്കുകയായിരുന്നുവെന്നും മോദി വിമര്‍ശിച്ചു.
'നമുക്ക് 1947ല്‍ സ്വാതന്ത്ര്യം നേടി തന്നതും വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നമ്മള്‍. 1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ ഈ ഗാനമാണ് രാജ്യമൊട്ടാകെയുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നത,' മോദി പറഞ്ഞു.
അടുത്തിടെ നമ്മള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം ആഘോഷിച്ചു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെയും മിര്‍സാ മുണ്ടയുടെയും 150ാം ജന്മവാര്‍ഷികവും ആഘോഷിച്ചു. ഗുരു തേഗ് ബഹദൂറിന്റെ 350ാം രക്തസാക്ഷി ദിനവും ആഘോഷിച്ചു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം ഇപ്പോള്‍ നമ്മള്‍ ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു.
വന്ദേമാതരത്തില്‍ നിന്ന് ഹിന്ദു ദൈവങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന വരികള്‍ ഒഴിവാക്കിയെന്നാണ് ബിജെപി നിരന്തരം ആരോപിക്കുന്നത്. ദുര്‍ഗ, കമല, സരസ്വതി എന്നീ ദേവികളുടെ വരികള്‍ ഒഴിവാക്കിയത് മുഹമ്മദലി ജിന്നയ്ക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്തുകൊണ്ടാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.
വന്ദേമാതരം ഓരോ ഇന്ത്യക്കാരനും വൈകാരികവും ദേശസ്‌നേഹവുമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിനാണ്. അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും പാര്‍ട്ടിയുടെയും കൂട്ടായ പരിശ്രമവും തീരുമാനവുമാണെന്നും എംപിയായ ജെബി മേത്തര്‍ പറഞ്ഞു. എത്ര ശ്രമിച്ചാലും നെഹ്‌റുവിന്റെ സംഭാവനകള്‍ക്ക് മേല്‍ കരിവാരിത്തേക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി പറഞ്ഞു.